“ആരാണ് കണ്ണാടിയിൽ?” സ്വയം തിരിച്ചറിയുന്നതിനുള്ള പരീക്ഷ നടത്തുന്ന മനഃശാസ്ത്രജ്ഞർ കുട്ടികളോടു ചോദിച്ചു. പതിനെട്ടു മാസമോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾ സാധാരണയായി കണ്ണാടിയിലെ ചിത്രവുമായി സ്വയം ബന്ധപ്പെടുത്താറില്ല. എന്നാൽ കുട്ടികൾ വളരുമ്പോൾ, അവർ തങ്ങളെത്തന്നെയാണ് നോക്കുന്നതെന്ന് അവർക്കു മനസ്സിലാക്കാൻ കഴിയും. ആരോഗ്യകരമായ വളർച്ചയുടെയും പക്വതപ്രാപിക്കലിന്റെയും ഒരു പ്രധാന അടയാളമാണ് സ്വയം തിരിച്ചറിയൽ.

യേശുവിലുള്ള വിശ്വാസികളുടെ വളർച്ചയെ സംബന്ധിച്ചു ഇതു പ്രധാനമാണ്. യാക്കോബ് കണ്ണാടിയിലുള്ള രൂപം തിരിച്ചറിയുന്ന പരീക്ഷയുടെ ഒരു രൂപരേഖ നൽകുന്നു. കണ്ണാടി ദൈവത്തിൽ നിന്നുള്ള “സത്യത്തിന്റെ വചനം” ആണ് (യാക്കോബ് 1:18). നാം തിരുവെഴുത്തുകൾ വായിക്കുമ്പോൾ, നാം എന്താണു കാണുന്നത്? അവ സ്‌നേഹത്തെയും താഴ്മയെയും വിവരിക്കുമ്പോൾ നാം നമ്മെത്തന്നെ തിരിച്ചറിയുന്നുണ്ടോ? നാം ചെയ്യണമെന്നു ദൈവം നമ്മോടു കല്പിക്കുന്ന കാര്യങ്ങൾ വായിക്കുമ്പോൾ നാം നമ്മുടെ പ്രവൃത്തികൾ കാണുന്നുണ്ടോ? നാം നമ്മുടെ ഹൃദയത്തിലേക്കു നോക്കുകയും നമ്മുടെ പ്രവൃത്തികൾ പരിശോധിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ പ്രവൃത്തികൾ ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളോടു യോജിക്കുന്നുണ്ടോ അതോ നാം മാനസാന്തരം തേടുകയും മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ടോ എന്നു തിരിച്ചറിയാൻ തിരുവെഴുത്തുകൾക്കു നമ്മെ സഹായിക്കാനാകും.

കേവലം തിരുവെഴുത്തു വായിച്ച് മടക്കിവെച്ചിട്ടു പോകരുതെന്ന് യാക്കോബ് മുന്നറിയിപ്പ് നൽകുന്നു, അങ്ങനെ ചെയ്താൽ നാം കേട്ടത് മറന്നുകൊണ്ട് “നമ്മെത്തന്നെ ചതിക്കുകയാണ്” (വാ. 22). ദൈവത്തിന്റെ പദ്ധതികൾക്കനുസരിച്ച് വിവേകത്തോടെ ജീവിക്കാനുള്ള ഭൂപടം ബൈബിൾ നമുക്കു നൽകുന്നു. നാം അത് വായിക്കുകയും ധ്യാനിക്കുകയും ദഹിപ്പിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ഹൃദയത്തിലേക്കു നോക്കാനുള്ള കണ്ണുകളും ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള ശക്തിയും നൽകണമെന്ന് നമുക്ക് അവിടുത്തോട് ആവശ്യപ്പെടാൻ കഴിയും.