അമേരിക്കയിലെ നിയോഡേശാ എന്ന ചെറുപട്ടണത്തിലെ മുന്നൂറ് മിഡിൽ, ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഒരു സർപ്രൈസ്‌  സ്‌കൂൾ അസംബ്ലിയിൽ പങ്കെടുത്തു. തങ്ങളുടെ പട്ടണവുമായി ബന്ധമുള്ള ദമ്പതികൾ അടുത്ത ഇരുപത്തിയഞ്ചു വർഷത്തേക്ക് ഓരോ നിയോഡേശ വിദ്യാർത്ഥിക്കും കോളേജ് ട്യൂഷൻ ഫീസ് നൽകാൻ തീരുമാനിച്ചതായി കേട്ടപ്പോൾ അവർ അവിശ്വാസത്തോടെ ഇരുന്നു. വിദ്യാർത്ഥികൾ സ്തംഭിച്ചു, സന്തോഷിച്ചു, കണ്ണീരണിഞ്ഞു.

നിയോഡേശ സാമ്പത്തികത്തകർച്ചയിലൂടെ കടന്നുപോകുകയായിരുന്നു. അത്, പല കുടുംബങ്ങളെയും കോളേജ് ചെലവുകൾ എങ്ങനെ വഹിക്കുമെന്ന ആശങ്കയിലാഴ്ത്തി. സമ്മാനം ഒരു തലമുറയുടെ ദിശ മാറ്റുന്നതായിരുന്നു, മാത്രമല്ല ഇത് നിലവിലെ കുടുംബങ്ങളെ ഉടനടി ബാധിക്കുമെന്നും മറ്റുള്ളവരെ നിയോഡേശിലേക്കു വരാൻ പ്രേരിപ്പിക്കുമെന്നും ദാതാക്കൾ പ്രതീക്ഷിച്ചു. തങ്ങളുടെ ഔദാര്യം, പുതിയ ജോലിസാധ്യതകൾ, പുതിയ ഊർജസ്വലത, നഗരത്തിന് തികച്ചും വ്യത്യസ്തമായ ഭാവി എന്നിവ നൽകുമെന്ന്‌  അവർ പ്രത്യാശിച്ചു.

തന്റെ ജനം തങ്ങളുടെ ആവശ്യങ്ങൾക്കായി മാത്രം ശ്രദ്ധിച്ചുകൊണ്ട് ജീവിക്കാതെ, ജീവിക്കാൻ പാടുപെടുന്ന അവരുടെ അയൽക്കാർക്ക് ഒരു പുതിയ ഭാവി വിഭാവനം ചെയ്തുകൊണ്ട് ഉദാരമനസ്‌കരാകാൻ ദൈവം ആഗ്രഹിച്ചു. മാത്രമല്ല  ദൈവത്തിന്റെ നിർദ്ദേശങ്ങൾ വ്യക്തമായിരുന്നു: “നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു നിന്റെ അടുക്കൽവെച്ചു ക്ഷയിച്ചുപോയാൽ, അവൻ തുടർന്നും നിന്റെ അടുക്കൽ പാർക്കേണ്ടതിന് നീ അവനെ താങ്ങേണം” (ലേവ്യപുസ്തകം 25:35). ഔദാര്യം അടിസ്ഥാന ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മാത്രമല്ല, ഒരു സമൂഹമെന്ന നിലയിൽ അവരുടെ ഭാവി ജീവിതത്തിന് എന്ത് ആവശ്യമാണെന്ന് പരിഗണിക്കുന്നതിനെക്കുറിച്ചും ഉള്ളതായിരുന്നു. “അവൻ തുടർന്നും നിന്റെ അടുക്കൽ പാർക്കേണ്ടതിന് നീ അവനെ താങ്ങേണം” (വാ. 35) എന്നു ദൈവം പറഞ്ഞു.

നൽകലിന്റെ ആഴമായ രൂപങ്ങൾ മറ്റൊരു ഭാവിയെ പുനർവിഭാവനം ചെയ്യുന്നു. ദൈവത്തിന്റെ അപാരമായ, സൃഷ്ടിപരമായ ഔദാര്യം, നാമെല്ലാവരും സമ്പൂർണ്ണതയിലും സമൃദ്ധിയിലും ഒരുമിച്ചു ജീവിക്കുന്ന ആ ദിവസത്തിനായി നമ്മെ പ്രോത്സാഹിപ്പിക്കുന്നു.