സ്റ്റീഫൻ വളർന്നുവരുന്ന ഒരു ഹാസ്യനടനും ഒപ്പം ധൂർത്തനുമായിരുന്നു. ഒരു ക്രിസ്തീയ കുടുംബത്തിൽ വളർന്ന അദ്ദേഹം, തന്റെ പിതാവും രണ്ടു സഹോദരന്മാരും ഒരു വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് നിരവധി സംശയങ്ങൾ അദ്ദേഹത്തെ അലട്ടാൻ തുടങ്ങി. ഇരുപതുകളുടെ തുടക്കത്തോടെ അദ്ദേഹത്തിനു വിശ്വാസം നഷ്ടപ്പെട്ടു. എന്നാൽ ചിക്കാഗോയിലെ തണുത്ത തെരുവുകളിൽ ഒരു രാത്രിയിൽ അദ്ദേഹം അതു കണ്ടെത്തി. ഒരു അപരിചിതൻ അദ്ദേഹത്തിന് ഒരു പോക്കറ്റ് പുതിയ നിയമം നൽകി. പുസ്തകം തുറന്ന സ്റ്റീഫൻ, ഉത്കണ്ഠയുമായി മല്ലിടുന്നവർ മത്തായി 6:27-34 ലെ യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ നിന്നു വായിക്കണമെന്ന് രേഖപ്പെടുത്തിയ ഒരു സൂചിക കണ്ടു.
സ്റ്റീഫൻ ആ ഭാഗം കണ്ടെത്തി, അതിലെ വാക്കുകൾ അവന്റെ ഹൃദയത്തിൽ ഒരു അഗ്നി ജ്വലിപ്പിച്ചു. അദ്ദേഹം അനുസ്മരിക്കുന്നു, “ഞാൻ ആത്യന്തികമായും ഉടനടി പ്രകാശിപ്പിക്കപ്പെട്ടു. ആ തണുപ്പിൽ തെരുവിന്റെ മൂലയിൽ നിന്നുകൊണ്ട് പ്രഭാഷണം ഞാൻ വായിച്ചു, എന്റെ ജീവിതം പിന്നീടൊരിക്കലും പഴയതായിരുന്നില്ല.”
തിരുവെഴുത്തുകളുടെ ശക്തി അങ്ങനെയാണ്. ബൈബിൾ മറ്റേതൊരു പുസ്തകത്തെയും പോലെയല്ല, കാരണം അത് ജീവനുള്ളതാണ്. നമ്മൾ കേവലം ബൈബിൾ വായിക്കുകയല്ല ചെയ്യുന്നത്. ബൈബിൾ നമ്മെ വായിക്കുന്നു: “… ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു” (എബ്രായർ 4:12).
ഈ ഗ്രഹത്തിലെ ഏറ്റവും ശക്തമായ ബലത്തെ തിരുവെഴുത്ത് അവതരിപ്പിക്കുന്നു, അതു നമ്മെ രൂപാന്തരപ്പെടുത്തുകയും ആത്മീയ പക്വതയിലേക്കു നയിക്കുകയും ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കാൻ ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് നമുക്കതു തുറന്ന് ഉറക്കെ വായിക്കാം. അവിടുന്നു സംസാരിച്ച വാക്കുകൾ “വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശയ്യാവ് 55:11) എന്ന് അവിടുന്നു വാഗ്ദത്തം ചെയ്യുന്നു. നമ്മുടെ ജീവിതം ഒരിക്കലും പഴയതുപോലെയാകില്ല.
തിരുവെഴുത്ത് നിങ്ങളുടെ ജീവിതത്തെ എങ്ങനെയാണു മാറ്റിമറിച്ചത്? അതു വായിക്കുമ്പോൾ എന്തു പ്രതീക്ഷകളാണ് നിങ്ങൾക്കുള്ളത്?
സ്വർഗ്ഗസ്ഥനായ പിതാവേ, എനിക്കു ബൈബിൾ തന്നതിനു നന്ദി. ദയവായി അതിനെ എന്റെ ജീവിതത്തിൽ ജീവനുള്ളതാക്കിത്തീർക്കേണമേ.