ഒരു വർഷത്തിലേറെ, അവന്റെ നിയമപരമായ പേര് “ആൺകുഞ്ഞ് ” എന്നായിരുന്നു. അവന്റെ കരച്ചിൽ കേട്ട ഒരു സെക്യൂരിറ്റി ഗാർഡ് ആണ് ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ അവനെ കണ്ടെത്തിയത് – പ്രസവിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള അവനെ ഒരു ബാഗിനുള്ളിൽ കിടത്തിയിരിക്കുകയായിരുന്നു.
അവനെ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ, സോഷ്യൽ സർവീസസ്, ഒരു ദിവസം അവന്റെ എക്കാലത്തെയും കുടുംബമായി മാറാനിരുന്ന ആളുകളെ വിളിച്ചു. ദമ്പതികൾ അവനെ ഏറ്റെടുക്കുകയും ഗ്രേസൺ (യഥാർത്ഥ പേരല്ല) എന്നു വിളിക്കുകയും ചെയ്തു. ഒടുവിൽ, ദത്തെടുക്കൽ നടപടികൾ പൂർത്തിയായതോടെ ഗ്രേസന്റെ പേര് ഔദ്യോഗികമായി മാറി. ഇന്ന് നിങ്ങളോട് ആത്മാർത്ഥമായി സംഭാഷണത്തിൽ ഏർപ്പെടുന്ന സന്തോഷവാനായ ഒരു കുട്ടിയെ കാണാൻ കഴിയും. ഒരിക്കൽ ഒരു ബാഗിൽ ഉപേക്ഷിച്ച നിലയിൽ അവനെ കണ്ടെത്തിയതാണെന്ന് നിങ്ങൾ ഒരിക്കലും ഊഹിക്കുകയില്ല.
തന്റെ ജീവിതത്തിന്റെ അവസാനത്തിൽ, മോശെ ദൈവത്തിന്റെ സ്വഭാവവും അവൻ യിസ്രായേൽ ജനത്തിനുവേണ്ടി ചെയ്ത കാര്യങ്ങളും അവലോകനം ചെയ്തു. “നിന്റെ പിതാക്കന്മാരോടു മാത്രം യഹോവെക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു” മോശ അവരോടു പറഞ്ഞു (ആവർത്തനം 10:15). ഈ സ്നേഹത്തിന് വിശാലമായ വ്യാപ്തി ഉണ്ടായിരുന്നു. “അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന് അന്നവും വസ്ത്രവും നല്കുന്നു” എന്നു മോശ പറഞ്ഞു (വാ. 18). “അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം” (വാ. 21).
അത് ദത്തെടുക്കലിലൂടെയോ അല്ലെങ്കിൽ കേവലം സ്നേഹത്തിലൂടെയോ സേവനത്തിലൂടെയോ ആകട്ടെ, ദൈവസ്നേഹം പ്രതിഫലിപ്പിക്കാനാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. ശ്രദ്ധിക്കപ്പെടാതെയും അവകാശവാദം ഉന്നയിക്കപ്പെടാതെയും പോയേക്കാവുന്ന ഒരാൾക്ക് തന്റെ സ്നേഹം നീട്ടാൻ ദൈവം ഉപയോഗിച്ച കൈകളും കാലുകളായി ആ സ്നേഹ ദമ്പതികൾ മാറി. നമുക്കും അവന്റെ കൈകളും കാലുകളും ആയി സേവനം ചെയ്യാം.
ചെറുതും വലുതുമായ വിധങ്ങളിൽ ദൈവം തന്റെ സ്നേഹം നിങ്ങളിലേക്ക് നീട്ടുന്നത് നിങ്ങൾ എങ്ങനെയാണു മനസ്സിലാക്കിയിട്ടുള്ളത്? ആ സ്നേഹം പ്രതിഫലിപ്പിക്കാൻ ഇന്ന് നിങ്ങൾക്ക് എന്തു ചെറിയ കാര്യങ്ങൾ ചെയ്യാൻ കഴിയും?
സ്വർഗ്ഗസ്ഥനായ പിതാവേ, അനാഥരോട് കരുണ കാണിക്കണമേ. ഇന്ന് അങ്ങയുടെ കൈകളും കാലുകളും ആകാൻ എന്നെ സഹായിക്കേണമേ.