എന്റെ മകൾക്ക് ഒരു ജോഡി വളർത്തു ഞണ്ടുകളെ സമ്മാനമായി ലഭിച്ചപ്പോൾ, അവൾ ഒരു ഗ്ലാസ് ടാങ്കിൽ മണൽ നിറച്ച് അവയെ നിക്ഷേപിച്ചു. അവയ്ക്കു വെള്ളവും ഭക്ഷിക്കാൻ പ്രോട്ടീനും പച്ചക്കറി അവശിഷ്ടങ്ങളും അവൾ ഇട്ടുകൊടുത്തു. അവ സന്തുഷ്ടരാണെന്നു തോന്നി, എങ്കിലും ഒരു ദിവസം അവയെ കാണാതായപ്പോൾ ഞങ്ങൾ ഞെട്ടി. ഞങ്ങൾ എല്ലായിടത്തും തിരഞ്ഞു. അവസാനം, അവ മണലിനടിയിലാണെന്നു ഞങ്ങൾ മനസ്സിലാക്കി. അവ പുറംതോടുകൾ ഉരിച്ചുകളയുന്ന സമയത്ത് ഏകദേശം രണ്ടു മാസത്തോളം അവിടെത്തന്നെ ആയിരിക്കും.

രണ്ടു മാസം കഴിഞ്ഞു, പിന്നെയും ഒരു മാസം കൂടി കടന്നുപോയി, അവ ചത്തു കാണും എന്നോർത്ത് ഞാൻ വിഷമിക്കാൻ തുടങ്ങി. കൂടുതൽ സമയം കടന്നുപോകുന്തോറും ഞാൻ കൂടുതൽ അക്ഷമയായി. ഒടുവിൽ, ജീവന്റെ ലക്ഷണങ്ങൾ ഞങ്ങൾ കണ്ടു, ഞണ്ടുകൾ മണലിൽ നിന്നു  പുറത്തുവന്നു.

ബാബിലോണിൽ പ്രവാസികളായി ജീവിക്കുമ്പോൾ, തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രവചനം നിവൃത്തിയാകുമോ എന്ന് യിസ്രായേൽ സംശയിച്ചിരുന്നോ എന്നു ഞാൻ അത്ഭുതപ്പെടുന്നു. അവർക്ക് നിരാശ തോന്നിയോ? അവർ എന്നെന്നേക്കും അവിടെത്തന്നെ കഴിയേണ്ടിവരുമോയെന്ന് അവർ ആശങ്കപ്പെട്ടിരുന്നോ? യിരെമ്യാവിലൂടെ ദൈവം അരുളിച്ചെയ്തു: “ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു [യെരൂശലേമിലേക്കു]  മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കും” (യിരെമ്യാവ് 29:10). തീർച്ചയായും, എഴുപതു വർഷങ്ങൾക്കുശേഷം, യെഹൂദന്മാർക്കു തിരികെപ്പോകാനും യെരൂശലേമിലെ അവരുടെ ദൈവാലയം പുനർനിർമ്മിക്കാനും പാർസി രാജാവായ കോരെശിലൂടെ ദൈവം അനുവദിച്ചു (എസ്രാ 1:1-4).

ഒന്നും സംഭവിക്കുന്നില്ല എന്ന് തോന്നുന്ന കാത്തിരിപ്പിന്റെ കാലത്ത്, ദൈവം നമ്മെ മറന്നിട്ടില്ല. ക്ഷമ വളർത്തിയെടുക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതിനാൽ, അവൻ പ്രത്യാശ നൽകുന്നവനും വാഗ്ദത്തം പാലിക്കുന്നവനും ഭാവിയെ നിയന്ത്രിക്കുന്നവനുമാണെന്ന് നമുക്കു മനസ്സിലാക്കാൻ കഴിയും.