ഇംഗ്ലീഷ് പ്രസംഗകനായ എഫ്.ബി. മേയർ (1847-1929) “ഉള്ളിൽ വസിക്കുന്ന ക്രിസ്തുവിന്റെ ആഴത്തിലുള്ള തത്വചിന്ത” എന്നു താൻ വിളിച്ചതിനെ ചിത്രീകരിക്കാൻ ഒരു മുട്ടയുടെ ഉദാഹരണം ഉപയോഗിച്ചു. ബീജസങ്കലനം നടന്ന മഞ്ഞക്കരു ഒരു ചെറിയ “ഭ്രൂണം” വഹിക്കുന്നുവെന്നും, അത് തോടിനുള്ളിൽ ഒരു കോഴിക്കുഞ്ഞായി രൂപപ്പെടുന്നതുവരെ ഓരോ ദിവസവും കൂടുതൽ കൂടുതൽ വളരുന്നതായും അദ്ദേഹം പറഞ്ഞു. അതുപോലെ യേശുവും തന്റെ പരിശുദ്ധാത്മാവിലൂടെ നമ്മെ രൂപാന്തരപ്പെടുത്തിക്കൊണ്ട് നമ്മുടെയുള്ളിൽ ജീവിക്കാനായി വരുന്നു. മേയർ പറഞ്ഞു, “ഇപ്പോൾ മുതൽ ക്രിസ്തു വളരുകയും വർദ്ധിക്കുകയും മറ്റെല്ലാം തന്നിലേക്ക് ആഗിരണം ചെയ്യുകയും ചെയ്തുകൊണ്ട് നിങ്ങളിൽ രൂപം കൊള്ളുന്നു.” 

പരിശുദ്ധാത്മാവിലൂടെ വിശ്വാസികളിൽ വസിക്കുന്ന ക്രിസ്തുവിന്റെ അത്ഭുതകരമായ യാഥാർത്ഥ്യം തന്റെ വാക്കുകൾക്ക് പൂർണ്ണമായി വിനിമയം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിക്കൊണ്ട്, യേശുവിന്റെ സത്യങ്ങൾ അപൂർണ്ണമായി പ്രസ്താവിച്ചതിന് അദ്ദേഹം ക്ഷമാപണം നടത്തി. എന്നിരുന്നാലും, “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും” (യോഹന്നാൻ 14: 20) എന്ന് യേശു പറഞ്ഞപ്പോൾ അർത്ഥമാക്കിയത്, എത്ര അപൂർണ്ണമായിട്ടാണെങ്കിലും മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്ന് അദ്ദേഹം തന്റെ ശ്രോതാക്കളെ നിർബന്ധിച്ചു. തന്റെ സ്‌നേഹിതരോടൊത്ത് അവസാനത്തെ അത്താഴത്തിന്റെ രാത്രിയിലാണ് യേശു ഈ വാക്കുകൾ പറഞ്ഞത്. അവനും അവന്റെ പിതാവും വന്ന് തന്നെ അനുസരിക്കുന്നവരുടെയുള്ളിൽ വസിക്കുമെന്ന് അവർ അറിയണമെന്ന് അവൻ ആഗ്രഹിച്ചു (വാ. 23). ഇത് സാധ്യമാണ്, കാരണം ആത്മാവിലൂടെ യേശു തന്നിൽ വിശ്വസിക്കുന്നവരിൽ വസിക്കുന്നു, അവരെ ഉള്ളിൽ നിന്ന് രൂപാന്തരപ്പെടുത്തുന്നു.

നിങ്ങൾ എങ്ങനെ ചിത്രീകരിച്ചാലും, ക്രിസ്തു നമ്മുടെ ഉള്ളിൽ ജീവിക്കുന്നു, നമ്മെ നയിക്കുകയും അവനെപ്പോലെ വളരാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.