1876 ൽ, കണ്ടുപിടുത്തക്കാരനായ അലക്സാണ്ടർ ഗ്രഹാം ബെൽ, ടെലിഫോണിലൂടെ ആദ്യത്തെ വാക്കുകൾ സംസാരിച്ചു. അദ്ദേഹം തന്റെ സഹായിയായ തോമസ് വാട്സണെ വിളിച്ചു, “വാട്സൺ, ഇവിടെ വരൂ. എനിക്ക് താങ്കളെ കാണണം.” വിറയലോടെയും വിദൂരമായും, എന്നാൽ മനസ്സിലാക്കാവുന്ന നിലയിലും, ബെൽ പറഞ്ഞത് വാട്സൺ കേട്ടു. ഒരു ടെലിഫോൺ ലൈനിലൂടെ ബെൽ സംസാരിച്ച ആദ്യ വാക്കുകൾ, മനുഷ്യ ആശയവിനിമയത്തിൽ ഒരു പുതിയ ദിവസം ഉദയം ചെയ്തതായി തെളിയിച്ചു.
“പാഴും ശൂന്യവുമായ” ഭൂമിയിലേക്ക് (ഉല്പത്തി 1:2) ആദ്യ ദിവസത്തിന്റെ പ്രഭാതത്തെ സ്ഥാപിച്ചുകൊണ്ട്, ദൈവം തന്റെ ആദ്യ വാക്കുകൾ സംസാരിച്ചു: “വെളിച്ചം ഉണ്ടാകട്ടെ” (വാ. 3). ഈ വാക്കുകൾ സൃഷ്ടിപ്പിൻ ശക്തി നിറഞ്ഞതായിരുന്നു. അവൻ സംസാരിച്ചു, അവൻ പ്രഖ്യാപിച്ചത് നിലവിൽ വന്നു (സങ്കീർത്തനം 33:6, 9). ദൈവം പറഞ്ഞു, “വെളിച്ചം ഉണ്ടാകട്ടെ.” അങ്ങനെ സംഭവിച്ചു. ഇരുട്ടും അരാജകത്വവും വെളിച്ചത്തിന്റെയും ക്രമത്തിന്റെയും പ്രകാശത്തിനു വഴിമാറിയപ്പോൾ അവിടുത്തെ വാക്കുകൾ ഉടനടി വിജയം നേടി. ഇരുട്ടിന്റെ ആധിപത്യത്തോടുള്ള ദൈവത്തിന്റെ ഉത്തരം വെളിച്ചമായിരുന്നു. അവിടുന്നു വെളിച്ചത്തെ സൃഷ്ടിച്ചപ്പോൾ അത് “നല്ലത് ” എന്ന് അവിടുന്നു കണ്ടു (ഉല്പത്തി 1:4).
ദൈവത്തിന്റെ ആദ്യ വാക്കുകൾ, യേശുവിലുള്ള വിശ്വാസികളുടെ ജീവിതത്തിൽ ശക്തമായി തുടരുന്നു. ഓരോ പുതിയ ദിവസവും ഉദിക്കുമ്പോൾ, ദൈവം തന്റെ വാക്കുകൾ നമ്മുടെ ജീവിതത്തിൽ പുനഃസ്ഥാപിക്കുന്നതുപോലെയാണത്. അന്ധകാരം – അക്ഷരാർത്ഥത്തിലും ആലങ്കാരികമായും – അവിടുത്തെ പ്രകാശത്തിന്റെ തേജസ്സിനു വഴിമാറുമ്പോൾ, നമുക്ക് അവനെ സ്തുതിക്കുകയും, അവൻ നമ്മെ വിളിച്ചിരിക്കുന്നുവെന്നും നമ്മെ യഥാർത്ഥമായി കാണുന്നുവെന്നും അംഗീകരിക്കുകയും ചെയ്യാം.
പ്രഭാതം ഇരുട്ടിനെ ഭേദിക്കുമ്പോൾ, ദൈവത്തിന്റെ സ്നേഹത്തെയും വിശ്വസ്തതയെയും നിങ്ങൾ എങ്ങനെയാണ് ആഘോഷിക്കുന്നത്? ദൈവത്തിന്റെ വെളിച്ചം അവിടുത്തെ ദർശിക്കുവാൻ എങ്ങനെയാണ് നിങ്ങളുടെ കണ്ണുകളെ തുറന്നത്?
വെളിച്ചത്തിന്റെ സ്രഷ്ടാവേ, ഈ ലോകത്തിന്റെ അന്ധകാരത്തെ അകറ്റുന്നതിനായും - എന്റെ കണ്ണുകളെ അങ്ങയിലേക്കും എന്റെ ജീവിതത്തിലെ അങ്ങയുടെ സാന്നിധ്യത്തിലേക്കും തുറക്കുന്നതിനായും - ഞാൻ അങ്ങയെ സ്തുതിക്കുന്നു.