തിങ്കളാഴ്ചകളെ ഞാൻ ഭയപ്പെട്ടിരുന്നു. ചില സമയങ്ങളിൽ, മുമ്പു ഞാൻ ചെയ്തിരുന്ന ജോലിക്കു പോകാനായി ഞാൻ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ, ഞാൻ കുറച്ച് നേരം സ്റ്റേഷനിൽ ഇരുന്ന്, കുറച്ച് മിനിറ്റുകളെങ്കിലും ഓഫീസിലെത്തുന്നതു വൈകിപ്പിക്കാൻ ശ്രമിച്ചിരുന്നു. ജോലികൾ സമയത്തു തീർക്കുന്നതിനെക്കുറിച്ചും ക്ഷിപ്രകോപിയായ ഒരു ബോസിന്റെ മാനസികാവസ്ഥയെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും വേവലാതിപ്പെടുമ്പോൾ എന്റെ ഹൃദയം അതിദ്രുതം മിടിക്കും.
നമ്മിൽ ചിലർക്ക്, മറ്റൊരു മടുപ്പിക്കുന്ന ജോലിവാരം ആരംഭിക്കുന്നത് പ്രത്യേകിച്ച് ബുദ്ധിമുട്ടായിരിക്കും. നമ്മുടെ ജോലി നമുക്ക് അമിതമായോ അല്ലെങ്കിൽ അംഗീകരിക്കപ്പെടാത്തതായോ തോന്നിയേക്കാം. ശലോമോൻ രാജാവ് ജോലിയുടെ അദ്ധ്വാനത്തെക്കുറിച്ച് ഇങ്ങനെ എഴുതി: “സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം? അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല’’ (സഭാപ്രസംഗി 2:22-23).
ജ്ഞാനിയായ രാജാവ് ജോലിയുടെ സമ്മർദ്ദം കുറയ്ക്കുന്നതിനോ കൂടുതൽ പ്രതിഫലദായകമാക്കുന്നതിനോ ഉള്ള പ്രതിവിധി നൽകിയില്ലെങ്കിലും, കാഴ്ചപ്പാടിൽ ഒരു മാറ്റം അവൻ വാഗ്ദാനം ചെയ്തു. നമ്മുടെ ജോലി എത്ര പ്രയാസമേറിയതാണെങ്കിലും, ദൈവത്തിന്റെ സഹായത്താൽ അതിൽ “സംതൃപ്തി കണ്ടെത്തുന്നതിന്’’ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു (വാ. 24). ക്രിസ്തുവിനെപ്പോലെയുള്ള സ്വഭാവം പ്രകടിപ്പിക്കാൻ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുമ്പോൾ ഒരുപക്ഷേ അതു സംഭവിക്കും. അല്ലെങ്കിൽ നമ്മുടെ സേവനത്തിലൂടെ അനുഗ്രഹിക്കപ്പെട്ട ഒരാളിൽ നിന്ന് കേൾക്കുമ്പോൾ അതു സംഭവിക്കും. അതുമല്ലെങ്കിൽ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തെ നേരിടാൻ ദൈവം നൽകിയ ജ്ഞാനം നാം ഓർക്കുമ്പോഴായിരിക്കാം അത്. നമ്മുടെ ജോലി പ്രയാസകരമാണെങ്കിലും, നമ്മുടെ വിശ്വസ്തനായ ദൈവം നമ്മോടൊപ്പമുണ്ട്. അവിടുത്തെ സാന്നിധ്യത്തിനും ശക്തിക്കും ഇരുണ്ട ദിവസങ്ങളെപ്പോലും പ്രകാശിപ്പിക്കാൻ കഴിയും. അവിടുത്തെ സഹായത്താൽ, തിങ്കളാഴ്ചയ്ക്കു നമുക്ക് നന്ദിയുള്ളവരായിരിക്കാം.
എന്താണ് നിങ്ങൾക്ക് തിങ്കൾ മന്ദത നൽകുന്നത്? ഇന്ന് നിങ്ങളുടെ ജോലിയിൽ സംതൃപ്തി കണ്ടെത്തുന്നതിന് നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ സഹായത്തിൽ ആശ്രയിക്കാൻ കഴിയും?
വിശ്വസ്തനായ ദൈവമേ, ഇന്നത്തെ എന്റെ ജോലിയിൽ, അങ്ങ് എന്നെ പ്രാപ്തനാക്കുന്നതിലൂടെ ഉളവാകുന്ന നന്മ കാണാൻ എന്നെ സഹായിക്കണമേ!