കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത് സാമൂഹിക അകലം പാലിക്കലിന്റെയും ലോക്ക്ഡൗണിന്റെയും ദിവസങ്ങളിൽ, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ തന്റെ “ബർമിംഗ്ഹാം ജയിലിൽ നിന്നെഴുതിയ കത്തിൽ’’ എഴുതിയ വാക്കുകൾ സത്യമായി. അനീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, മറ്റൊരു നഗരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആശങ്കപ്പെടാതെ ഒരു നഗരത്തിൽ വെറുതെ ഇരിക്കുവാൻ തനിക്കു കഴികയില്ലെന്ന്, അദ്ദേഹം അഭിപ്രായപ്പെട്ടു. “നാം പരസ്പര ബന്ധത്തിന്റെ ഒഴിവാക്കാനാകാത്ത ശൃംഖലയിൽ അകപ്പെട്ടിരിക്കുന്നു,’’ അദ്ദേഹം പറഞ്ഞു, “വിധിയുടെ ഒരൊറ്റ വസ്ത്രത്താൽ കൂട്ടിക്കെട്ടപ്പെട്ടിരിക്കുന്നു. ഒരാളെ നേരിട്ട് ബാധിക്കുന്നതെന്തും പരോക്ഷമായി നമ്മെയെല്ലാം ബാധിക്കുന്നു.’’

അതുപോലെ, വൈറസ് പടരുന്നത് തടയാൻ ലോകമെമ്പാടുമുള്ള നഗരങ്ങളും രാജ്യങ്ങളും അടച്ചതിനാൽ കോവിഡ് 19 മഹാമാരി നമ്മുടെ ബന്ധത്തെ എടുത്തുകാണിച്ചു. ഒരു നഗരത്തെ ബാധിച്ചത് താമസിയാതെ മറ്റൊരു നഗരത്തെ ബാധിച്ചേക്കാം.

അനേകം നൂറ്റാണ്ടുകൾക്ക് മുമ്പ്, മറ്റുള്ളവരെ  എങ്ങനെ കരുതണമെന്ന് ദൈവം തന്റെ ജനത്തോട് നിർദ്ദേശിച്ചു. മോശയിലൂടെ, യിസ്രായേല്യരെ നയിക്കാനും ഒരുമിച്ച് ജീവിക്കുന്നതിനു സഹായിക്കാനുമുള്ള നിയമം അവിടുന്നു നൽകി. “കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്‌കർഷിക്കരുതു’’ (ലേവ്യപുസ്തകം 19:16); “നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം’’ (വാ. 18). ആളുകൾ തങ്ങളുടെ ജീവനെപ്പോലെ മറ്റുള്ളവരുടെ ജീവനെ വിലമതിച്ച് അവരെ കരുതുന്നില്ലെങ്കിൽ സമൂഹങ്ങൾ തകരാൻ തുടങ്ങുമെന്ന് ദൈവത്തിന് അറിയാമായിരുന്നു.

നമുക്കും ദൈവത്തിന്റെ നിർദേശങ്ങളുടെ ജ്ഞാനം ഉൾക്കൊള്ളാൻ കഴിയും. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, മറ്റുള്ളവരെ എങ്ങനെ നന്നായി സ്‌നേഹിക്കാമെന്നും സേവിക്കാമെന്നും അവിടുത്തോട് ചോദിക്കുമ്പോൾ, നമ്മൾ അവരുമായി എത്രമാത്രം പരസ്പരബന്ധിതരാണെന്ന് നമുക്ക് ഓർമ്മിക്കാൻ കഴിയും.