എനിക്ക് പത്ത് വയസ്സുള്ളപ്പോൾ, യൂത്ത് ഗ്രൂപ്പിലെ ഒരു സുഹൃത്തിൽ നിന്ന് ഒരു സമകാലിക ക്രിസ്ത്യൻ ബാൻഡിന്റെ സംഗീതം അടങ്ങിയ ഒരു കാസറ്റ് ടേപ്പ് ഞാൻ വീട്ടിലേക്കു കൊണ്ടുവന്നു. ഒരു ഹൈന്ദവ ഭവനത്തിൽ വളർന്നുവെങ്കിലും യേശുവിലൂടെയുളള രക്ഷ പ്രാപിച്ച എന്റെ പിതാവ് അത് അംഗീകരിച്ചില്ല. ഞങ്ങളുടെ വീട്ടിൽ ആരാധനാ സംഗീതം കേൾക്കാൻ മാത്രമേ അദ്ദേഹം ആഗ്രഹിച്ചിരുന്നുള്ളൂ. ഇതൊരു ക്രിസ്ത്യൻ ബാൻഡാണെന്ന് ഞാൻ വിശദീകരിച്ചു, പക്ഷേ അത് അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയില്ല. കുറച്ച് സമയത്തിനു ശേഷം, ഒരാഴ്ചത്തേക്ക് പാട്ടുകൾ കേൾക്കാൻ അദ്ദേഹം നിർദ്ദേശിച്ചു, എന്നിട്ട് അവ എന്നെ ദൈവത്തിലേക്ക് അടുപ്പിക്കുകയാണോ അതോ എന്നെ അവനിൽ നിന്ന് കൂടുതൽ അകറ്റുകയാണോ എന്ന് തീരുമാനിക്കാമെന്നു നിർദ്ദേശിച്ചു. ആ ഉപദേശത്തിൽ സഹായകമായ ചില ജ്ഞാനമുണ്ടായിരുന്നു.
ജീവിതത്തിൽ വ്യക്തമായും ശരിയോ തെറ്റോ ആയ കാര്യങ്ങൾ ഉണ്ട്, എന്നാൽ പലപ്പോഴും നമ്മൾ തർക്കവിഷയങ്ങളുമായി മല്ലിടുന്നു (റോമർ 14:1-19). എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിനായി, തിരുവെഴുത്തുകളിൽ കാണുന്ന ജ്ഞാനം നമുക്ക് അന്വേഷിക്കാൻ കഴിയും. പൗലൊസ് എഫെസൊസിലെ വിശ്വാസികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു, “ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ’’ (എഫെസ്യർ 5:15). ഒരു നല്ല രക്ഷിതാവിനെപ്പോലെ, തനിക്ക് അവിടെ ഉണ്ടായിരിക്കാനോ എല്ലാ സാഹചര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകാനോ കഴിയില്ലെന്ന് പൗലൊസിന് അറിയാമായിരുന്നു. “ഇതു ദുഷ്‌കാലമാകയാൽ’’ “സമയം തക്കത്തിൽ ഉപയോഗിക്കാൻ” അവർ പോകുകയാണെങ്കിൽ, അവർ സ്വയം വിവേചിക്കുകയും “കർത്താവിന്റെ ഇഷ്ടം ഇന്നതെന്ന് ഗ്രഹിക്കുകയും” ചെയ്യേണ്ടതുണ്ട് (വാ. 16-17). തർക്കവിഷയമായേക്കാവുന്ന കാര്യങ്ങളുമായി മല്ലിടുമ്പോഴും ദൈവം നമ്മെ നയിക്കുന്നതിനാൽ വിവേകവും നല്ല തീരുമാനങ്ങളും പിന്തുടരാനുള്ള ക്ഷണമാണ് ജ്ഞാനത്തോടെയുള്ള ജീവിതം.
നിങ്ങൾ തീരുമാനങ്ങൾ എടുക്കുമ്പോൾ എന്താണ് ജ്ഞാനം എന്താണ് ഭോഷത്തം എന്നു നിങ്ങൾക്ക് എങ്ങനെ നിർണ്ണയിക്കാനാകും? നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ മാർഗനിർദേശം തേടാനാകും?
പ്രിയ യേശുവേ, എന്നിൽ ജ്ഞാനത്തിന്റെ ഹൃദയം വളർത്തേണമേ. എന്നെ എപ്പോഴും അങ്ങയിലേക്ക് അടുപ്പിക്കുന്ന വിധത്തിൽ എന്റെ ജീവിതം നയിക്കാൻ എന്നെ പ്രാപ്തനാക്കേണമേ.