സ്‌നേഹിതൻ എല്ലാക്കാലത്തും സ്‌നേഹിക്കുന്നു. സദൃശവാക്യങ്ങൾ 17:17

1970 കളിൽ ഞാൻ ഒരു ഹൈസ്‌കൂൾ ഇംഗ്ലീഷ് അധ്യാപകനും ബാസ്‌ക്കറ്റ്‌ബോൾ പരിശീലകനുമായിരുന്ന സമയത്താണ് ഞാൻ അയാളെ കണ്ടുമുട്ടിയത്. അയാൾ ഉയരമുള്ള ഒരു പുതുമുഖമായിരുന്നു. താമസിയാതെ അവൻ എന്റെ ബാസ്‌ക്കറ്റ്‌ബോൾ ടീമിലും എന്റെ ക്ലാസുകളിലും സന്നിഹിതനായി – അങ്ങനെ ഒരു സൗഹൃദം രൂപപ്പെട്ടു. വർഷങ്ങളോളം എന്നോടൊപ്പം സഹപത്രാധിപരായി സേവനമനുഷ്ഠിച്ച ആ സുഹൃത്ത്, എന്റെ റിട്ടയർമെന്റ് പാർട്ടിയിൽ എന്റെ മുന്നിൽ നിൽക്കുകയും ഞങ്ങളുടെ ദീർഘകാല സൗഹൃദത്തിന്റെ പൈതൃകത്തെക്കുറിച്ച് പങ്കുവെക്കുകയും ചെയ്തു.

നമ്മെ പ്രോത്സാഹിപ്പിക്കുകയും യേശുവിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ദൈവസ്‌നേഹത്താൽ ബന്ധപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളുടെ കാര്യം എന്താണ്? സൗഹൃദത്തിന് പ്രോത്സാഹജനകമായ രണ്ട് ഘടകങ്ങളുണ്ടെന്ന് സദൃശവാക്യങ്ങളുടെ രചയിതാവ് മനസ്സിലാക്കി: ഒന്നാമതായി, യഥാർത്ഥ സുഹൃത്തുക്കൾ വിലപ്പെട്ട ഉപദേശം നൽകുന്നു – അത് കൊടുക്കാനോ എടുക്കാനോ എളുപ്പമല്ലെങ്കിലും: “സ്‌നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം”  (27:6). എഴുത്തുകാരൻ വിശദീകരിക്കുന്നു. രണ്ടാമതായി, സമീപത്തുള്ളതും എളുപ്പത്തിൽ സമീപിക്കാവുന്നതുമായ ഒരു സുഹൃത്ത് പ്രതിസന്ധി ഘട്ടങ്ങളിൽ പ്രധാനമാണ്: “ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലത്’’ (വാ. 10).

ജീവിതത്തിൽ ഒറ്റയ്ക്കു പറക്കുന്നത് നമുക്കു നല്ലതല്ല. ശലോമോൻ സൂചിപ്പിച്ചതുപോലെ: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു വിജയത്തിനായി പരസ്പരം സഹായിക്കാൻ കഴിയും” (സഭാപ്രസംഗി 4:9 NLT). ജീവിതത്തിൽ, നമുക്ക് സുഹൃത്തുക്കൾ വേണം നാം സുഹൃത്തുക്കൾ ആയിരിക്കയും വേണം. “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു” നിൽക്കാനും (റോമർ 12:10) “അന്യോന്യം ഭാരങ്ങൾ ചുമക്കാനും” (ഗലാത്യർ 6:2)—മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരെ യേശുവിന്റെ സ്‌നേഹത്തിലേക്ക് അടുപ്പിക്കാനും കഴിയുന്ന തരത്തിലുള്ള സുഹൃത്താകാൻ ദൈവം നമ്മെ സഹായിക്കട്ടെ.