മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം ഫെങ് ലുലു തന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ചു. ഒരു കൊച്ചുകുട്ടിയായിരിക്കെ, ചൈനയിലെ അവളുടെ വീടിന് പുറത്ത് കളിക്കുന്നതിനിടയിൽ അവളെ തട്ടിക്കൊണ്ടുപോയി, എന്നാൽ ഒരു വനിതാ സംഘത്തിന്റെ സഹായത്തോടെ, ഒടുവിൽ അവളെ കണ്ടെത്തി. അവളെ തട്ടിക്കൊണ്ടുപോകുമ്പോൾ അവൾ വളരെ ചെറുപ്പമായിരുന്നതിനാൽ, ഫെങ് ലുലുവിന് അത് ഓർമ്മയില്ലായിരുന്നു. തന്റെ മാതാപിതാക്കൾക്ക് തന്നെ സംരക്ഷിക്കാൻ കഴിയാത്തതിനാൽ തന്നെ വിറ്റുവെന്നു വിശ്വസിച്ചാണ് അവൾ വളർന്നത്. അതിനാൽ സത്യം മനസ്സിലാക്കിയത് അവളിൽ നിരവധി ചോദ്യങ്ങളും വികാരങ്ങളും ഉയർത്തി.

യോസേഫ് തന്റെ സഹോദരന്മാരുമായി വീണ്ടും ഒന്നിച്ചപ്പോൾ, അവനു ചില സങ്കീർണ്ണമായ വികാരങ്ങൾ അനുഭവപ്പെട്ടിരിക്കാം. അവന്റെ സഹോദരന്മാർ അവനെ ചെറുപ്രായത്തിൽ ഈജിപ്തിലേക്ക് അടിമയായി വിറ്റു. വേദനാജനകമായ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിരുന്നിട്ടും, ദൈവം യോസേഫിനെ ഉന്നത അധികാര സ്ഥാനത്തേക്ക് നയിച്ചു. ഒരു ക്ഷാമകാലത്ത് അവന്റെ സഹോദരന്മാർ ഭക്ഷണം വാങ്ങാൻ ഈജിപ്തിൽ വന്നപ്പോൾ, അവർ അറിയാതെ അവനോടാണ് ഭക്ഷണം തേടിയത്.

ദൈവം അവരുടെ തെറ്റുകൾ വീണ്ടെടുത്തുവെന്നും “വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നു” അവൻ അതിനെ ഉപയോഗിച്ചു എന്നും യോസേഫ് ഏറ്റുപറഞ്ഞു (ഉല്പത്തി 45:7). എന്നിട്ടും തന്നോടുള്ള അവരുടെ ദ്രോഹകരമായ പ്രവൃത്തികളെ യോസേഫ് പുനർ നിർവചിച്ചില്ല – അവനെ “വിറ്റതാണ്’’ (വാ. 5) എന്ന കാര്യം അവൻ കൃത്യമായി വിവരിച്ചു.

വൈകാരിക പോരാട്ടത്തെ അംഗീകരിക്കാതെ ദൈവം അവയിലൂടെ കൊണ്ടുവരുന്ന നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രയാസകരമായ സാഹചര്യങ്ങളെ അമിതമായി സാധകാത്മകമാക്കാൻ നാം ചിലപ്പോൾ ശ്രമിക്കാറുണ്ട്. ദൈവം അതിനെ വീണ്ടെടുത്തതുകൊണ്ടുമാത്രം ഒരു തെറ്റിനെ നല്ലതായി പുനർ നിർവചിക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം: തെറ്റായ പ്രവൃത്തികളുടെ വേദന തിരിച്ചറിയുമ്പോൾ തന്നെ അതിൽ നിന്ന് നന്മ കൊണ്ടുവരാൻ നമുക്കു ദൈവത്തിങ്കലേക്കു നോക്കാം. രണ്ടും സത്യമാണ്.