പല നേഴ്സിംഗ് ഹോമുകളിൽ പ്രവർത്തിക്കുന്ന വിസിറ്റിംഗ് നഴ്സായി അമാൻഡ ജോലി ചെയ്യുന്നു. പലപ്പോഴും തന്റെ പതിനൊന്ന് വയസ്സുള്ള മകൾ റൂബിയെ അവൾ കൂടെ കൊണ്ടുവരുന്നു. എന്തെങ്കിലും ചെയ്യാൻവേണ്ടി, റൂബി അന്തേവാസികളോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, “നിങ്ങൾക്ക് മൂന്ന് കാര്യങ്ങൾ ലഭിക്കുമെന്നുണ്ടെങ്കിൽ, നിങ്ങൾ എന്ത് ആവശ്യപ്പെടും?” അവരുടെ ഉത്തരങ്ങൾ അവൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നു. അതിശയകരമെന്നു പറയട്ടെ, അവരുടെ ആഗ്രഹങ്ങളിൽ പലതും ചെറിയ കാര്യങ്ങൾക്കു വേണ്ടിയായിരുന്നു: ചിക്കൻ, ചോക്കലേറ്റ്, ചീസ്, പഴങ്ങൾ. അവരുടെ ലളിതമായ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാനായി റൂബി ഒരു GoFundMe സ്ഥാപിച്ചു. അവൾ സാധനങ്ങൾ നൽകുമ്പോൾ, അവൾ അവരെ ആലിംഗനം ചെയ്യുന്നു. അവൾ പറയുന്നു, “ഇതു നിങ്ങളെ ഉയർത്തുന്നു. അത് ശരിക്കും അങ്ങനെ ചെയ്യുന്നു.’’
റൂബിയെപ്പോലെ നാം മനസ്സലിവും ദയയും കാണിക്കുമ്പോൾ, “കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള’’ (സങ്കീർത്തനം 145:8) നമ്മുടെ ദൈവത്തെ നാം പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടാണ് അപ്പൊസ്തലനായ പൗലാസ്, ദൈവജനമെന്ന നിലയിൽ നാം, “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ’’ ധരിക്കാൻ (കൊലൊസ്യർ 3:12) ഉദ്ബോധിപ്പിച്ചത്. ദൈവം നമ്മോട് വലിയ മനസ്സലിവു കാണിച്ചതിനാൽ, മറ്റുള്ളവരുമായി അവന്റെ മനസ്സലിവു പങ്കിടാൻ നാം സ്വാഭാവികമായും ആഗ്രഹിക്കുന്നു. നാം മനഃപൂർവം അങ്ങനെ ചെയ്യുമ്പോൾ, നാം അതിനെ “ധരിക്കുകയാണു’’ ചെയ്യുന്നത്.
പൗലൊസ് നമ്മോടു തുടർന്നു പറയുന്നു: “എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ’’ (വാ. 14). എല്ലാ നല്ല കാര്യങ്ങളും ദൈവത്തിൽ നിന്നാണ് വരുന്നതെന്ന കാര്യം ഓർത്തുകൊണ്ട്, “സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യണം” (വാ. 17) എന്ന് അവൻ നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മൾ മറ്റുള്ളവരോട് ദയ കാണിക്കുമ്പോൾ, നമ്മുടെ ആത്മാവ് ഉയർത്തപ്പെടുന്നു.
നിങ്ങൾ എപ്പോഴാണ് ഒരാളുടെ ദയയുടെ ഗുണഭോക്താവായത്? നിങ്ങൾക്ക് എങ്ങനെ മറ്റൊരാളോട് ദയ കാണിക്കാനാകും?
യേശുവേ, എന്നോട് കവിഞ്ഞൊഴുകുന്നതും പരിധിയില്ലാത്തതമായ ദയ കാണിച്ചതിനു നന്ദി പറയുന്നു. മറ്റുള്ളവർക്കുവേണ്ടി ദയാപ്രവൃത്തികൾ ചെയ്യുന്നതിൽ സന്തോഷം കണ്ടെത്താൻ എന്നെ സഹായിക്കണമേ.