ഒരു മനുഷ്യനും നിരവധി സുഹൃത്തുക്കളും ഹിമപാത മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച ഒരു സ്കീ റിസോർട്ട് ഗേറ്റിലൂടെ കടന്ന് സ്നോബോർഡിംഗ് ആരംഭിച്ചു. രണ്ടാമത്തെ യാത്രയിൽ, ആരോ വിളിച്ചുപറഞ്ഞു, “ഹിമപാതം!’’ എന്നാൽ ആ മനുഷ്യൻ രക്ഷപ്പെടാൻ കഴിയാതെ മഞ്ഞുവീഴ്ചയിൽ മരിച്ചു. ചിലർ അയാളെ തുടക്കക്കാരനെന്ന് വിളിച്ച് വിമർശിച്ചു. എന്നാൽ അങ്ങനെ ആയിരുന്നില്ല; അയാൾ ഒരു ഹിമപാത പരിശീലന സർട്ടിഫിക്കേറ്റുള്ള “ഗൈഡ്’’ ആയിരുന്നു. ഏറ്റവും കൂടുതൽ ഹിമപാത പരിശീലനമുള്ള സ്കീയർമാരും സ്നോബോർഡർമാരും തെറ്റായ കണക്കുകൂട്ടലിന് വഴങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു ഗവേഷകൻ പറഞ്ഞു. “[സ്നോബോർഡർ] തന്റെ ജാഗ്രത കൈവിട്ടതുകൊണ്ടാണ് മരിച്ചത്.’’
യിസ്രായേൽ വാഗ്ദത്ത ദേശത്തേക്ക് പോകാൻ ഒരുങ്ങുമ്പോൾ, തന്റെ ജനം തങ്ങളെത്തന്നേ ജാഗ്രതയോടെ കാത്തുകൊള്ളണമെന്ന് – ശ്രദ്ധാലുക്കളും ജാഗ്രത പുലർത്തുന്നവരും ആയിരിക്കണമെന്ന് – ദൈവം ആഗ്രഹിച്ചു. അതുകൊണ്ട് അവന്റെ എല്ലാ “ചട്ടങ്ങളും വിധികളും’’ (ആവർത്തനം 4:1-2) അനുസരിക്കാനും അനുസരിക്കാത്തവരുടെമേൽ വന്ന മുൻകാല ന്യായവിധി ഓർക്കാനും അവൻ അവരോടു കൽപ്പിച്ചു (വാ. 3-4). അവർ സ്വയം പരിശോധിക്കാനും അവരുടെ ആന്തരിക ജീവിതത്തെ നിരീക്ഷിക്കാനും “ജാഗ്രതയുള്ളവരായിരിക്കണം’’ (വാ. 9). പുറത്തുനിന്നുള്ള ആത്മീയ അപകടങ്ങൾക്കെതിരെയും ഉള്ളിൽ നിന്നുള്ള ആത്മീയ നിസ്സംഗതക്കെതിരെയും ജാഗ്രത പുലർത്താൻ ഇത് അവരെ സഹായിക്കും.
നമ്മുടെ ജാഗ്രത ഉപേക്ഷിച്ച് നിസ്സംഗതയിലേക്കും ആത്മവഞ്ചനയിലേക്കും വീഴാൻ എളുപ്പമാണ്. എന്നാൽ ജീവിതത്തിൽ വീഴ്ച സംഭവിക്കാതിരിക്കാനുള്ള ശക്തിയും വീഴ്ച സംഭവിച്ചാൽ അവന്റെ കൃപയാൽ ക്ഷമയും നൽകാൻ ദൈവത്തിനു കഴിയും. അവനെ പിന്തുടരുകയും അവന്റെ ജ്ഞാനത്തിലും കരുതലിലും വിശ്രമിക്കുകയും ചെയ്യുന്നതിലൂടെ, നമുക്ക് ജാഗ്രത പാലിക്കാനും നല്ല തീരുമാനങ്ങൾ എടുക്കാനും കഴിയും!
എപ്പോഴാണ് നിങ്ങളുടെ ആത്മീയ കാവൽ ഉപേക്ഷിക്കാനുള്ള പ്രവണത നിങ്ങൾക്കുണ്ടാകുന്നത്? ദൈവത്തിന്റെ ജ്ഞാനം പിന്തുടരാനും നിങ്ങളുടെ വിശ്വാസത്തിനു നേരെ വരുന്ന അപകടങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും നിങ്ങൾ എന്തു ചെയ്യും?
പ്രിയ ദൈവമേ, ജാഗ്രതയുള്ളവനാകാനും സ്നേഹപൂർവമായ അനുസരണത്തിൽ അങ്ങയെ അനുഗമിക്കാനും എന്നെ സഹായിക്കണമേ.