2010 ൽ, ലാസ്ലോ ഹാനിയേച്ച് ബിറ്റ്കോയിൻ (അക്കാലത്ത് ഒരു പൈസയുടെ ഒരംശം മാത്രം ഉണ്ടായിരുന്ന ഒരു ഡിജിറ്റൽ കറൻസി) ഉപയോഗിച്ച് ആദ്യ വാങ്ങൽ നടത്തി. രണ്ട് പിസ്സകൾക്കായി 10,000 ബിറ്റ്കോയിനുകൾ നൽകി (അന്ന് 25 ഡോളർ ഏകദേശം 1,125 രൂപയായിരുന്നു). 2021 ൽ, ആ വർഷത്തെ ഏറ്റവും ഉയർന്ന മൂല്യത്തിൽ, ആ ബിറ്റ്കോയിനുകൾക്ക് ഏകദേശം 3,900 കോടി രൂപയിൽ കൂടുതൽ മൂല്യമുണ്ടാകും. മൂല്യം കുതിച്ചുയരുന്നതിന് മുമ്പ്, അദ്ദേഹം പിസ്സകൾക്കായി മൊത്തം 100,000 ബിറ്റ്കോയിനുകൾ ചെലവഴിച്ചു. അദ്ദേഹം ആ ബിറ്റ്കോയിനുകൾ സൂക്ഷിച്ചിരുന്നെങ്കിൽ – എന്താണ് വരാൻ പോകുന്നതെന്ന് അദ്ദേഹം അറിഞ്ഞിരുന്നെങ്കിൽ – അവയുടെ മൂല്യം അദ്ദേഹത്തെ അറുപത്തിയെട്ട് മടങ്ങ് ശതകോടീശ്വരനാക്കുകയും ഫോബ്സിന്റെ “ലോകത്തിലെ ഏറ്റവും ധനികർ’’ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുമായിരുന്നു.
തീർച്ചയായും, ഹാനിയേച്ചിന് അതറിയാൻ കഴിയുമായിരുന്നില്ല. നമ്മിലാർക്കും കഴിയുമായിരുന്നില്ല. ഭാവിയെ മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള നമ്മുടെ ശ്രമങ്ങൾക്കിടയിലും, സഭാപ്രസംഗി പറയുന്നത് ശരിയാണ്: “സംഭവിപ്പാനിരിക്കുന്നതു മനുഷ്യൻ അറിയുന്നില്ല’’ (10:14). നമുക്കു യഥാർത്ഥത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ അറിവുണ്ടെന്നോ, മറ്റൊരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ നമുക്ക് ചില പ്രത്യേക ഉൾക്കാഴ്ചയുണ്ടെന്നോ നമ്മിൽ ചിലർ ചിന്തിക്കുകയോ ചെയ്തുകൊണ്ടു സ്വയം വഞ്ചിക്കാറുണ്ട്. എന്നാൽ സഭാപ്രസംഗി ചൂണ്ടിക്കാണിക്കുന്നതുപോലെ: “അവന്റെ ശേഷം ഉണ്ടാകുവാനുള്ളതു ആർ അവനെ അറിയിക്കും?’’ (വാ. 14). അങ്ങനെ ആരുമില്ല.
തിരുവെഴുത്ത് ഒരു ജ്ഞാനിയെയും വിഡ്ഢിയെയും തമ്മിൽ താരതമ്യപ്പെടുത്തുന്നു, രണ്ടുപേരും തമ്മിലുള്ള അനേകം വ്യത്യാസങ്ങളിൽ ഒന്ന് ഭാവിയെക്കുറിച്ചുള്ള താഴ്മയാണ് (സദൃശവാക്യങ്ങൾ 27:1). ജ്ഞാനി തീരുമാനങ്ങൾ എടുക്കുമ്പോൾ, ചക്രവാളത്തിനപ്പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് യഥാർത്ഥത്തിൽ ദൈവത്തിനു മാത്രമേ അറിയൂ എന്ന് അവൻ തിരിച്ചറിയുന്നു. എന്നാൽ വിഡ്ഢികൾ തങ്ങൾക്കില്ലാത്ത അറിവ് ഊഹിക്കുന്നു. നമ്മുടെ ഭാവി യഥാർത്ഥത്തിൽ അറിയുന്ന ഒരേയൊരുവനിൽ വിശ്വസിക്കുന്നതിനുള്ള ജ്ഞാനം നമുക്കുണ്ടാകട്ടെ.
ഭാവിയെ നിയന്ത്രിക്കാനുള്ള പ്രലോഭനത്തെ നിങ്ങൾ എവിടെയാണ് കാണുന്നത്? നിങ്ങളുടെ വരാനിരിക്കുന്ന ദിവസങ്ങളിൽ നിങ്ങൾക്ക് എങ്ങനെ ദൈവത്തെ നന്നായി വിശ്വസിക്കാനാകും?
പ്രിയ ദൈവമേ, ഇന്ന് അങ്ങയിൽ വിശ്വസിക്കാൻ എന്നെ സഹായിക്കേണമേ.