ഞാൻ ഇംഗ്ലണ്ടിലേക്ക് താമസം മാറിയപ്പോൾ, താങ്ക്‌സ്ഗിവിംഗ് എന്ന അമേരിക്കൻ അവധി നവംബറിലെ മറ്റൊരു വ്യാഴാഴ്ച മാത്രമായി മാറി. അതുകഴിഞ്ഞുള്ള വാരാന്ത്യത്തിൽ ഞാൻ ഒരു വിരുന്ന് ഒരുക്കിയെങ്കിലും, ആ ദിവസം എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നിട്ടും എന്റെ ആഗ്രഹങ്ങൾ എനിക്ക് മാത്രമുള്ളതല്ലെന്ന് ഞാൻ മനസ്സിലാക്കി. വിശേഷാവസരങ്ങളിലും അവധി ദിവസങ്ങളിലും പ്രിയപ്പെട്ടവരോടൊപ്പം ആയിരിക്കാൻ നമ്മൾ എല്ലാവരും കൊതിക്കുന്നു. നമ്മൾ ആഘോഷിക്കുമ്പോൾ പോലും, കൂടെയില്ലാത്ത ആരുടെയെങ്കിലും അസാന്നിധ്യം നമുക്ക് അനുഭവപ്പെട്ടേക്കാം അല്ലെങ്കിൽ നമ്മുടെ ചിതറിപ്പോയ കുടുംബത്തിന് സമാധാനമുണ്ടാകാൻ നാം പ്രാർത്ഥിച്ചേക്കാം.

ഇത്തരം സമയങ്ങളിൽ, ശലോമോൻ രാജാവിന്റെ ഒരു സദൃശവാക്യമുൾപ്പെടെ, ബൈബിളിലെ ജ്ഞാനത്തെക്കുറിച്ച് പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് എന്നെ സഹായിച്ചിട്ടുണ്ട്: “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ’’ (സദൃശവാക്യങ്ങൾ 13:12). ഈ സദൃശവാക്യത്തിൽ, ശലോമോൻ തന്റെ ജ്ഞാനം പങ്കുവെച്ച അർത്ഥവത്തായ വാക്യങ്ങളിലൊന്ന്, “ആശാവിളംബനം’’ സംഭവിക്കുമെന്നാണ്. വളരെയധികം ആഗ്രഹിച്ച ഒന്നിന്റെ കാലതാമസം ഉത്കണ്ഠയ്ക്കും വേദനയ്ക്കും കാരണമാകും. എന്നാൽ ആഗ്രഹം പൂർത്തീകരിക്കപ്പെടുമ്പോൾ, അത് ജീവന്റെ ഒരു വൃക്ഷം പോലെയാണ് – ഉന്മേഷവും ഉണർവും അനുഭവിക്കാൻ നമ്മെ അനുവദിക്കുന്ന ഒന്ന്.

നമ്മുടെ ചില പ്രതീക്ഷകളും ആഗ്രഹങ്ങളും ഉടനടി നിവർത്തിക്കപ്പെടണമെന്നില്ല, ചിലത് നാം മരിച്ചതിനു ശേഷം ദൈവത്തിലൂടെ മാത്രമേ നിറവേറ്റപ്പെടുകയുള്ളൂ. നമ്മുടെ ആഗ്രഹം എന്തുതന്നെയായാലും, അവൻ നമ്മെ നിരന്തരം സ്‌നേഹിക്കുന്നുവെന്നറിഞ്ഞുകൊണ്ട് നമുക്ക് അവനിൽ ആശ്രയിക്കാം. കൂടാതെ, ഒരു ദിവസം, നാം അവനോടൊപ്പം വിരുന്നു കഴിക്കുകയും അവനു നന്ദി പറയുകയും ചെയ്യുന്ന വേളയിൽ നമ്മുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിക്കും (വെളിപ്പാട് 19:6-9 കാണുക).