“BROKE’’ ഗ്രേഡിയുടെ തെരുവിന്റെ പേര് അതായിരുന്നു, ആ അഞ്ച് അക്ഷരങ്ങൾ അഭിമാനത്തോടെ അയാൾ തന്റെ ലൈസൻസ് പ്ലേറ്റുകളിൽ പതിച്ചു. അത് ആത്മീയ അർത്ഥത്തിൽ ആയിരുന്നില്ലെങ്കിലും, മധ്യവയസ്കനായ ചൂതാട്ടക്കാരനും വ്യഭിചാരിയും വഞ്ചകനും ആയ മധ്യവയ്ക്കന് ആ ഇരട്ടപ്പേര് തികച്ചും അനുയോജ്യമായിരുന്നു. അയാൾ തകർന്നവനും ദരിദ്രനും ദൈവത്തിൽ നിന്ന് അകന്നവനുമായിരുന്നു. എന്നിരുന്നാലും, ഒരു വൈകുന്നേരം ഒരു ഹോട്ടൽ മുറിയിൽവെച്ച് ദൈവാത്മാവിനാൽ പാപബോധം ഉണ്ടായപ്പോൾ എല്ലാം മാറി. “ഞാൻ രക്ഷപ്പെട്ടുവെന്ന് തോന്നുന്നു!’’ അയാൾ ഭാര്യയോട് പറഞ്ഞു. അന്നു വൈകുന്നേരം, തന്നോടൊപ്പം ശവക്കുഴിയിലേക്കു കൊണ്ടുപോകുമെന്ന് കരുതിയിരുന്ന പാപങ്ങളെ അയാൾ ഏറ്റു പറയുകയും പാപമോചനത്തിനായി യേശുവിന്റെ അടുക്കൽ വരികയും ചെയ്തു. നാൽപ്പതിലപ്പുറം താൻ ജീവിക്കുകയില്ലെന്നു കരുതിയ ആ മനുഷ്യൻ പിന്നീടുള്ള മുപ്പതു വർഷക്കാലം, യേശുവിലൂടെ രൂപാന്തരം വന്ന വിശ്വാസിയായി ദൈവത്തെ സേവിച്ചു. അയാളുടെ ലൈസൻസ് പ്ലേറ്റുകളും മാറി “BROKE’’ നു പകരം “REPENT’’ സ്ഥാനം പിടിച്ചു.
മാനസാന്തരപ്പെടുക. അതാണ് ഗ്രേഡി ചെയ്തത്, അതിനാണ് ഹോശേയാ 14:1-2 ൽ ദൈവം യിസ്രായേലിനെ ആഹ്വാനം ചെയ്യുന്നത്. “യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; … നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ… എന്നു പറവിൻ.’’ വലുതോ ചെറുതോ, കുറച്ചോ അധികമോ, ആയ നമ്മുടെ പാപങ്ങൾ നമ്മെ ദൈവത്തിൽ നിന്ന് അകറ്റുന്നു. എന്നാൽ പാപത്തിൽ നിന്ന് ദൈവത്തിലേക്ക് തിരിയുന്നതിലൂടെയും യേശുവിന്റെ മരണത്തിലൂടെ അവൻ കൃപയോടെ നൽകിയ പാപമോചനം സ്വീകരിക്കുന്നതിലൂടെയും വിടവ് നികത്താനാകും. നിങ്ങൾ പോരാട്ടം നേരിടുന്ന ഒരു ക്രിസ്തു വിശ്വാസിയായാലും അല്ലെങ്കിൽ ഗ്രേഡിയുടെ ജീവിതം പോലെയുള്ള ജീവിതം നയിക്കുന്ന ഒരാളായാലും, നിങ്ങളുടെ പാപക്ഷമ ഒരു പ്രാർഥനയുടെ മാത്രം അകലത്തിലാണ്.
എന്ത് പാപങ്ങളാണ് നിങ്ങളെ ദൈവത്തിൽ നിന്ന് അകറ്റുന്നത്? അവനുവേണ്ടിയുള്ള നിങ്ങളുടെ ആവശ്യം ഏറ്റുപറയാനും അവന്റെ പുത്രനായ യേശുവിലൂടെ അവൻ നൽകിയ പാപമോചനം സ്വീകരിക്കാനും നിങ്ങൾ തയ്യാറാണോ?
പിതാവേ, എന്റെ വീഴ്ചയ്ക്കും അങ്ങയിൽ നിന്നുള്ള അകൽചയ്ക്കും കാരണമായേക്കാവുന്ന എന്തെങ്കിലുമുണ്ടോ എന്നു കാണാൻ എന്റെ ഹൃദയത്തെ ശോധന ചെയ്യണമേ. എന്നെ ശുദ്ധീകരിക്കേണമേ, എന്നോട് ക്ഷമിക്കണമേ, അങ്ങയുടെ മഹത്വത്തിനായി എന്നെ ഉപയോഗിക്കണമേ.