ബാർബിക്യൂ ചിക്കൻ, ഗ്രീൻ ബീൻസ്, പാസ്ത, ബ്രെഡ്. ഒക്ടോബറിലെ ഒരു തണുത്ത ദിനത്തിൽ, ജീവിതത്തിന്റെ അമ്പത്തിനാലു വർഷം ആഘോഷിക്കുന്ന ഒരു സ്ത്രീയിൽ നിന്ന് കുറഞ്ഞത് അമ്പത്തിനാലു ഭവനരഹിതർക്ക് ഈ ചൂടു ഭക്ഷണം ലഭിച്ചു. സാധാരണയായി ഒരു റെസ്റ്റോറന്റിൽ ആഘോഷിക്കുന്ന തന്റെ ബർത്ത്ഡേ ഡിന്നർ ഉപേക്ഷിക്കാനും പകരം ചിക്കാഗോയിലെ തെരുവുകളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണം പാകം ചെയ്തു വിളമ്പാനും ഈ സ്ത്രീയും അവളുടെ സുഹൃത്തുക്കളും തീരുമാനിച്ചു. പതിവിൽനിന്നു വ്യത്യസ്തമായി, ജന്മദിന സമ്മാനമായി ഒരു ദയാപ്രവൃത്തി ചെയ്യുവാൻ സോഷ്യൽ മീഡിയയിലൂടെ അവൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു.
ഈ കഥ എന്നെ, മത്തായി 25 ലെ യേശുവിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നു: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു’’ (വാ. 40). തന്റെ ചെമ്മരിയാടുകൾ തങ്ങളുടെ പ്രതിഫലം സ്വീകരിക്കാൻ തന്റെ നിത്യരാജ്യത്തിലേക്കു ക്ഷണിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചതിനു ശേഷമാണ് അവൻ ഈ വാക്കുകൾ പറഞ്ഞത് (വാ. 33-34). ആ സമയത്ത്, തന്നിൽ വിശ്വസിക്കാത്ത അഹങ്കാരികളായ മതവിശ്വാസികളിൽ നിന്ന് വ്യത്യസ്തമായി (26:3-5 കാണുക), തന്നിലുള്ള ആത്മാർത്ഥമായ വിശ്വാസം നിമിത്തം തന്നെ പോഷിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്ത ആളുകളാണ് അവരെന്ന് യേശു പ്രഖ്യാപിക്കും. “നീതിമാന്മാർ’’ തങ്ങൾ എപ്പോഴാണ് യേശുവിനെ പോഷിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്തതെന്നു ചോദിക്കുമ്പോൾ (25:37), അവർ മറ്റുള്ളവർക്കുവേണ്ടി ചെയ്തത് തനിക്കുവേണ്ടിയും ചെയ്തുവെന്ന് അവൻ അവർക്ക് ഉറപ്പുനൽകും (വാ. 40).
വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്നത്, തന്റെ ജനത്തെ പരിപാലിക്കാൻ ദൈവം നമ്മെ സഹായിക്കുന്ന ഒരു മാർഗ്ഗം മാത്രമാണ് – അവനോടുള്ള നമ്മുടെ സ്നേഹവും അവനുമായുള്ള ബന്ധവും കാണിക്കുന്ന ഒരു മാർഗ്ഗം. ഇന്ന് മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദൈവം നമ്മെ സഹായിക്കട്ടെ.
ദൈവസ്നേഹം മറ്റുള്ളവരോട് കാണിക്കാൻ ഇന്ന് നിങ്ങൾക്ക് എന്തു ദയാപ്രവൃത്തികളാണ് ചെയ്യാൻ കഴിയുന്നത്? അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമ്പോൾ നിങ്ങൾ ദൈവത്തിനുവേണ്ടി എങ്ങനെയാണ് കരുതുന്നത്?
കൃപയുള്ള ദൈവമേ, ഇന്ന് എന്റെ പ്രവൃത്തികളിലൂടെ അങ്ങയുടെ സ്നേഹം പ്രകടിപ്പിക്കാൻ എന്നെ സഹായിക്കണമേ.