എപ്പോഴെങ്കിലും ഒരു അണലിയുമായി (വാലുകൊണ്ടു കിലുകില ശബ്ദം പുറപ്പെടുവിക്കുന്ന പാമ്പ്) നിങ്ങൾ അടുത്തിടപഴകിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾ അണലിയുടെ അടുത്തേക്ക് നീങ്ങുന്തോറും കിലുകില ശബ്ദം കൂടുതൽ തീവ്രമാകുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ഒരു ഭീഷണി അടുത്തുവരുമ്പോൾ പാമ്പുകൾ അവയുടെ കിലുകില ശബ്ദത്തിന്റെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു . ഈ ‘ഹൈഫ്രീക്വൻസി മോഡ്’ അവ യഥാർത്ഥത്തിൽ ആയിരിക്കുന്നതിനേക്കാൾ അടുത്താണെന്ന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കും. ഒരു ഗവേഷകൻ പറഞ്ഞതുപോലെ, “ശ്രോതാവിന്റെ ദൂരത്തിന്റെ തെറ്റായ വ്യാഖ്യാനം . . . ഒരു ദൈർഘ്യമുള്ള സുരക്ഷാ പരിധി സൃഷ്ടിക്കുന്നു.’’

ഒരു സംഘർഷ സമയത്ത് മറ്റുള്ളവരെ ദൂരേക്ക് അകറ്റുന്നതിനായി, ആളുകൾക്ക് പരുഷമായ വാക്കുകൾകൊണ്ടുള്ള ഉച്ചത്തിലുള്ള ശബ്ദം ഉപയോഗിക്കാൻ കഴിയും – കോപം പ്രകടിപ്പിക്കുകയും ആക്രോശിക്കുകയും ചെയ്യാം. സദൃശവാക്യങ്ങളുടെ രചയിതാവ് ഇതുപോലുള്ള സമയങ്ങളിൽ ചില ജ്ഞാനപൂർണ്ണമായ ഉപദേശം പങ്കുവെക്കുന്നു: “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു’’ (സദൃശവാക്യങ്ങൾ 15:1). “ശാന്തവും’’ “ജ്ഞാനമുള്ളതുമായ’’ വാക്കുകൾ “ജീവവൃക്ഷവും’’ “പരിജ്ഞാനത്തിന്റെ’’ ഉറവിടവും ആയിരിക്കുമെന്ന് അവൻ തുടർന്നു പറയുന്നു (വാ. 4, 7).

നാം കലഹത്തിൽ ഏർപ്പെടുന്നവരെ സൗമ്യമായി ശാന്തരാക്കുന്നതിനുള്ള ആത്യന്തിക കാരണങ്ങൾ യേശു നൽകി: നാം അവന്റെ മക്കളാണെന്ന് വെളിപ്പെടുത്തുന്ന സ്‌നേഹം അവരുടെ നേരെ നീട്ടുകയും (മത്തായി 5:43-45), അനുരഞ്ജനം തേടുകയും ചെയ്യുക – അവരെ “നേടുക’’ (18:15). സംഘർഷങ്ങളിൽ ശബ്ദമുയർത്തുകയോ ദയാരഹിത വാക്കുകൾ ഉപയോഗിക്കുകയോ ചെയ്യുന്നതിനുപകരം, ദൈവം തന്റെ ആത്മാവിനാൽ നമ്മെ നയിക്കുന്നതുപോലെ മറ്റുള്ളവരോട് മാന്യതയും വിവേകവും സ്‌നേഹവും കാണിക്കാൻ നമുക്കു കഴിയട്ടെ.