ഇംഗ്ലീഷ് കവിയായ വില്യം കൗപ്പർ (1731-1800), തന്റെ പാസ്റ്ററായ ജോൺ ന്യൂട്ടണിൽ (1725-1807) ഒരു സുഹൃത്തിനെ കണ്ടെത്തി. കൗപ്പർ വിഷാദവും ഉത്കണ്ഠയും അനുഭവിച്ചിരുന്നതിനാൽ ഒന്നിലധികം തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ന്യൂട്ടൺ അദ്ദേഹത്തെ സന്ദർശിക്കുമ്പോൾ, അവർ ഒരുമിച്ച് ദീർഘനേരം നടക്കുകയും ദൈവത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. സർഗ്ഗാത്മകര രചനയിൽ ഇടപെടുന്നതും കവിതയെഴുതാൻ ഒരു കാരണം ഉണ്ടാകുന്നതും കൗപ്പറിന് പ്രയോജനപ്പെടുമെന്ന് കരുതി, ഒരു സ്തുതിഗീത സമാഹാരം ഉണ്ടാക്കാനുള്ള ആശയം ജോൺ ന്യൂട്ടൺ മുന്നോട്ടുവെച്ചു. “ദൈവം നിഗൂഢമായ രീതിയിൽ നീങ്ങുന്നു’’ എന്നതുൾപ്പെടെ നിരവധി ഗാനങ്ങൾ കൗപ്പർ സംഭാവന ചെയ്തു. ന്യൂട്ടൺ മറ്റൊരു സഭയിലേക്കു മാറിയപ്പോൾ, അദ്ദേഹവും കൗപ്പറും ഗാഢ സുഹൃത്തുക്കളായി തുടരുകയും കൗപ്പറിന്റെ ജീവിതകാലം മുഴുവൻ പതിവായി കത്തിടപാടുകൾ നടത്തുകയും ചെയ്തു.

പഴയനിയമത്തിലെ ദാവീദും യോനാഥാനും തമ്മിലുള്ള സൗഹൃദത്തിലും കൗപ്പറും ന്യൂട്ടനും തമ്മിലുളള ശക്തമായ സൗഹൃദത്തിലും സമാനതകൾ ഞാൻ കാണുന്നു. ദാവീദ് ഗൊല്യാത്തിനെ തോൽപ്പിച്ചതിനുശേഷം, “യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്‌നേഹിച്ചു” (1 ശമൂവേൽ 18:1). യോനാഥൻ ശൗൽ രാജാവിന്റെ മകനാണെങ്കിലും, രാജാവിന്റെ അസൂയയ്ക്കും കോപത്തിനും എതിരെ ദാവീദിനെ പ്രതിരോധിച്ചു, ദാവീദിനെ എന്തിന് കൊല്ലണം എന്ന് പിതാവിനോട് ചോദിച്ചു. മറുപടിയായി, “അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം ചാടി’’ (20:33). യോനാഥാൻ ആയുധത്തിന്റെ മുമ്പിൽ നിന്ന് ഒഴിഞ്ഞുമാറി എങ്കിലും തന്റെ സുഹൃത്തിനു നേരെയുള്ള പിതാവിന്റെ ഈ ലജ്ജാകരമായ പെരുമാറ്റത്തിൽ ദുഃഖിതനായി (വാ. 34).

ഇരു സുഹൃത്തുക്കളെ സംബന്ധിച്ചും, ദൈവത്തെ സേവിക്കാനും സ്‌നേഹിക്കാനും അവർ പരസ്പരം പ്രേരിപ്പിച്ചതിനാൽ അവരുടെ ബന്ധം ജീവസ്സുറ്റതായിരുന്നു. സമാനമായി ഇന്ന് ഒരു സുഹൃത്തിനെ നിങ്ങൾക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും?