2019 ൽ, അമേരിക്കയിലെ യേശുവിലുള്ള വിശ്വാസികളുടെ ആത്മീയ പൈതൃകം പര്യവേക്ഷണം ചെയ്യുന്ന ഒരു ഗവേഷണത്തിൽ, അമ്മമാർക്കും മുത്തശ്ശിമാർക്കും ആത്മീയ വികാസത്തിൽ കാര്യമായ സ്വാധീനമുണ്ടെന്ന് കണ്ടെത്തി. വിശ്വാസത്തിന്റെ പൈതൃകം അവകാശപ്പെടുന്ന ഏകദേശം മൂന്നിൽ രണ്ട് ആളുകളും അവരുടെ അമ്മയെയാണ് അതിനു കാരണമായി എടുത്തു പറഞ്ഞത്. മൂന്നിലൊന്ന് പേർ മുത്തശ്ശിയാണ് പ്രധാന പങ്ക് വഹിച്ചതെന്നു സമ്മതിച്ചു.

റിപ്പോർട്ടിന്റെ എഡിറ്റർ ഇങ്ങനെ അഭിപ്രായപ്പെട്ടു, “ആത്മീയ വികാസത്തിൽ, അമ്മമാരുടെ ശാശ്വതമായ സ്വാധീനത്തെക്കുറിച്ച് ഈ പഠനം പിന്നെയും പിന്നെയും സംസാരിക്കുന്നു. . . .’’ തിരുവെഴുത്തുകളിലും നാം കണ്ടെത്തുന്ന ഒരു സ്വാധീനമാണിത്.

പൗലൊസ് തന്റെ ശിഷ്യനായ തിമൊഥയൊസിന് എഴുതിയ കത്തിൽ, തിമൊഥയൊസിന്റെ വിശ്വാസം തന്റെ മുത്തശ്ശി ലോവിസിന്റെയും അമ്മ യൂനീക്കയുടെയും (2 തിമൊഥെയൊസ് 1:5) മാതൃകപ്രകാരമായിരുന്നുവെന്ന് അദ്ദേഹം അംഗീകരിച്ചു. ആദിമ സഭയിലെ നേതാക്കളിലൊരാളിൽ രണ്ട് സ്ത്രീകളുടെ സ്വാധീനം എടുത്തുകാണിക്കുന്ന കൗതുകകരമായ ഒരു വ്യക്തിഗത വിശദാംശമാണിത്. തിമൊഥെയൊസിനുള്ള പൗലൊസിന്റെ പ്രോത്സാഹനത്തിലും അവരുടെ സ്വാധീനം കാണാൻ കഴിയും: “തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക’’ (3:14-15).

ശക്തമായ ആത്മീയ പൈതൃകം വിലപ്പെട്ട ഒരു സമ്മാനമാണ്. പക്ഷേ, നമ്മുടെ വളർച്ചയിൽ തിമൊഥയൊസിന്റെ വിശ്വാസത്തെ രൂപപ്പെടുത്താൻ സഹായിച്ച തരത്തിലുള്ള സാധകാത്മക സ്വാധീനങ്ങൾ ഇല്ലെങ്കിൽപ്പോലും, നമ്മുടെ ആത്മീയ വളർച്ചയെ രൂപപ്പെടുത്തുന്നതിൽ അഗാധമായ സ്വാധീനം ചെലുത്തിയ മറ്റുള്ളവർ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കും. ഏറ്റവും പ്രധാനമായി, നമുക്ക് ചുറ്റുമുള്ളവർക്ക് ആത്മാർത്ഥമായ വിശ്വാസത്തിന്റെ മാതൃക കാണിക്കാനും ശാശ്വതമായ ഒരു പാരമ്പര്യം നൽകാനും നമുക്കെല്ലാവർക്കും അവസരമുണ്ട്.