“ഫ്രണ്ട്ലി ഫയർ’’ എന്നത്, ഒരു സൈനികൻ, ശത്രുവിൽനിന്നല്ലാതെ, സ്വന്തം സൈന്യത്തിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് വീഴുമ്പോൾ ഉപയോഗിക്കുന്ന ഒരു സൈനിക പദമാണ്. സൈന്യത്തിൽ ഇത് അബദ്ധത്തിൽ സംഭവിക്കുന്നതായി കണക്കാക്കപ്പെടാറുണ്ടെങ്കിലും, ചിലപ്പോൾ നാം ബോധപൂർവമായ “ഫ്രണ്ട്ലി ഫയർ’’ അനുഭവിക്കാറുണ്ട്. മറ്റ് ക്രിസ്തീയ സഹോദരീസഹോദരന്മാർ നമ്മെക്കുറിച്ച് ദയയില്ലാത്തതും അസത്യവുമായ കാര്യങ്ങൾ പറയുകയും അവരുടെ അമ്പുകളും കുന്തങ്ങളും നമ്മുടെ ഹൃദയങ്ങളിലൂടെ കടന്നുപോകുന്നതായി നാം അനുഭവിച്ചറിയുകയും ചെയ്യാറുണ്ട്.
ഈ ചിത്രം ഭാവനയിൽ കാണാൻ ശ്രമിക്കുക. നിങ്ങൾ യേശുവിന്റെ കരങ്ങളിലാണ്, ഒരു പിതാവ് തന്റെ കുഞ്ഞിനെ വഹിക്കുന്നതുപോലെ അവൻ നിങ്ങളെ വഹിക്കുകയും അവന്റെ ഹൃദയത്തോടു ചേർത്തുപിടിക്കുകയും ചെയ്യുന്നു. നിങ്ങൾ ഈ നിലയിലായിരിക്കുമ്പോൾ, ആരെങ്കിലും നിങ്ങളെ അമ്പെയ്യുകയോ അല്ലെങ്കിൽ കുന്തം കൊണ്ട് നിങ്ങളെ കുത്താൻ ശ്രമിക്കുകയോ ചെയ്താൽ (ബൈബിളിലെ ചിത്രങ്ങൾ ഉപയോഗിച്ചാൽ), നിങ്ങളുടെ ഹൃദയത്തിലൂടെ കടന്നുപോകുന്ന അമ്പുകളും കുന്തങ്ങളും അവനിലൂടെയും കടന്നുപോകുന്നു. അനീതിയും വേദനയും നിങ്ങളെ, ആ അമ്പുകളും കുന്തങ്ങളും പിടിച്ചെടുത്ത് തിരിച്ചടിക്കാൻ പ്രേരിപ്പിച്ചേക്കാം. എന്നാൽ നാം അത് ചെയ്യാൻ വിസമ്മതിച്ചാൽ, നമ്മുടെ ഹൃദയത്തിലും യേശുവിന്റെ ഹൃദയത്തിലും തുളച്ചുകയറുന്ന അസ്ത്രമോ കുന്തമോ നമ്മുടെ ഹൃദയത്തെ അവന്റെ ഹൃദയത്തോടു ചേർത്തു ബന്ധിക്കാൻ മാത്രമേ സഹായിക്കൂ. അങ്ങനെ ആ ബന്ധം ആഴത്തിലാകുന്നു.
അതിനാൽ അടുത്ത തവണ ആരെങ്കിലും നിങ്ങളെ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ നിങ്ങളെക്കുറിച്ച് അസത്യമോ ദയാരഹിതമോ ആയ എന്തെങ്കിലും പറയുകയോ ചെയ്യുമ്പോൾ, യേശുവിന്റെ ഹൃദയത്തോട് കൂടുതൽ അടുക്കാനുള്ള അവസരത്തിന് ദൈവത്തിന് നന്ദി പറയുകയും മുറിവേൽപ്പിക്കുന്ന വ്യക്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.
ഇന്നത്തെ ഈ സാഹചര്യത്തിൽ നിങ്ങളിലേക്കു തുളച്ചുകയറുന്ന ചില അമ്പുകൾ ഏതൊക്കെയാണ്? നിങ്ങളുടെ ഹൃദയത്തെ സുഖപ്പെടുത്താൻ യേശുവിനൊപ്പം എങ്ങനെ പ്രവർത്തിക്കാൻ കഴിയും?
ദൈവമേ, ഞാൻ കടന്നുപോകുന്ന എല്ലാ കാര്യങ്ങളിലും അങ്ങയെ കാണാനുള്ള ദൃഷ്ടി എനിക്കു തരണമേ.