അത് എന്നെ തട്ടിയപ്പോൾ ഞാൻ അപ്രതീക്ഷിതമായ ഒരു മയക്കത്തിലേക്ക് നീങ്ങുകയായിരുന്നു. ബേസ്മെന്റിൽ നിന്ന്, എന്റെ മകൻ തന്റെ ഇലക്ട്രിക് ഗിറ്റാറിൽ ഒരു കോഡ് വായിച്ചു. ചുവരുകളിൽ പ്രതിധ്വനിച്ചു. സമാധാനമില്ല. നിശബ്ദതയില്ല. ഉറക്കമില്ല. നിമിഷങ്ങൾക്കുശേഷം, മത്സരിക്കുന്ന വിധം മറ്റൊരു സംഗീതം എന്റെ ചെവികളെ സ്വാഗതം ചെയ്തു: എന്റെ മകൾ പിയാനോയിൽ “അമേസിംഗ് ഗ്രേസ്’’ വായിക്കുന്നു.
സാധാരണയായി, എനിക്ക് എന്റെ മകന്റെ ഗിറ്റാർ വായിക്കുന്നതു കേൾക്കാൻ ഇഷ്ടമാണ്. എന്നാൽ ആ സമയം അത് എന്നെ അസ്വസ്ഥനാക്കി. എങ്കിലും ജോൺ ന്യൂട്ടന്റെ സ്തുതിഗീതത്തിന്റെ പരിചിതമായ നോട്ടുകൾ, അരാജകത്വങ്ങൾക്കിടയിലും കൃപ തഴച്ചുവളരുന്നുവെന്ന് എന്നെ ഓർമ്മിപ്പിച്ചു. ജീവിതത്തിന്റെ കൊടുങ്കാറ്റുകൾ എത്ര ഉച്ചത്തിലുള്ളതോ, ആവശ്യമില്ലാത്തതോ അല്ലെങ്കിൽ വഴിതെറ്റിക്കുന്നതോ ആയാലും, ദൈവത്തിന്റെ കൃപയുടെ മൃദുവായ നോട്ടുകൾ വ്യക്തവും സത്യവുമാണ്, നമ്മുടെ മേലുള്ള അവന്റെ ജാഗ്രതയെ അവ ഓർമ്മിപ്പിക്കുന്നു.
ആ യാഥാർത്ഥ്യം നാം തിരുവെഴുത്തുകളിൽ കാണുന്നു. സങ്കീർത്തനം 107:23-32ൽ, അവരെ എളുപ്പത്തിൽ വിഴുങ്ങാൻ കഴിയുന്ന ഒരു ചുഴലിക്കാറ്റിനെതിരെ നാവികർ ശക്തമായി പോരാടുന്നു. “അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി’’ (വാ. 26). എന്നിട്ടും അവർ നിരാശരായില്ല, എന്നാൽ “അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു’’ (വാ. 28). അവസാനമായി, നാം വായിക്കുന്നു: “ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു’’ (വാ. 30).
തകർച്ചയുടെ നിമിഷങ്ങളിൽ, അവ ജീവന് ഭീഷണിയാണെങ്കിലും അതല്ല, കേവലം ഉറക്കത്തിനു ഭീഷണിയാണെങ്കിലും, ശബ്ദത്തിന്റെയും ഭയത്തിന്റെയും വേലിയേറ്റം നമ്മുടെ ആത്മാവിനെ ആക്രമിക്കും. എന്നാൽ നാം ദൈവത്തിൽ വിശ്വസിക്കുകയും അവനോട് പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ, അവന്റെ സാന്നിധ്യത്തിന്റെയും കരുതലിന്റെയും കൃപ – അവന്റെ അചഞ്ചലമായ സ്നേഹത്തിന്റെ സങ്കേതം – നാം അനുഭവിക്കുന്നു
എപ്പോഴാണ് നിങ്ങൾ മറ്റുള്ളവരിൽ ദൈവത്തിന്റെ സമാധാന സങ്കേതം അനുഭവിച്ചത്? ആർക്കാണ് സമാനമായ പ്രോത്സാഹനം നിങ്ങൾക്കു നൽകാൻ കഴിയുക?
പിതാവേ, ജീവിതത്തിലെ തിരമാലകൾ ഉയരുമ്പോൾ അങ്ങയെ വിളിച്ചപേക്ഷിക്കാൻ എന്നെ ഓർമ്മിപ്പിക്കുകയും മറ്റുള്ളവർക്ക് പ്രത്യാശ നൽകാൻ എന്നെ സഹായിക്കുകയും ചെയ്യണമേ.