എന്റെ ഭർത്താവ് ഞങ്ങളുടെ മകന്റെ ലിറ്റിൽ ലീഗ് ബേസ്ബോൾ ടീമിന്റെ പരിശീലകനായിരുന്നപ്പോൾ, ടീമംഗങ്ങൾക്കായി ഒരു വർഷാന്ത്യ പാർട്ടി സംഘടിപ്പിക്കുകയും, ആ വർഷത്തെ അവരുടെ പുരോഗതിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഞങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിലൊരാളായ ഡസ്റ്റിൻ പരിപാടിക്കിടെ എന്നെ സമീപിച്ചു. “ഇന്നത്തെ കളിയിൽ നമ്മൾ തോറ്റതല്ലേ?”
“അതെ,” ഞാൻ പറഞ്ഞു. “എന്നാൽ നിങ്ങളുടെ പരമാവധി ചെയ്തതിൽ ഞങ്ങൾ അഭിമാനിക്കുന്നു.”
“എനിക്കറിയാം,” അവൻ പറഞ്ഞു. “എന്നാൽ നമ്മൾ തോറ്റു. ശരിയല്ലേ?”
ഞാൻ തലയാട്ടി.
“പിന്നെ എന്തുകൊണ്ടാണ് എനിക്ക് ഒരു വിജയിയായി തോന്നുന്നത്?” ഡസ്റ്റിൻ ചോദിച്ചു.
പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു, “കാരണം നീ ഒരു ജയാളിയാണ്.”
മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും ഒരു കളി തോറ്റാൽ താൻ ഒരു പരാജയമാണെന്ന് ഡസ്റ്റിൻ കരുതിയിരുന്നു. യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ നമ്മുടെ പോരാട്ടം ഒരു കായികമേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. എന്നിരുന്നാലും, ജീവിതത്തിന്റെ കഠിനമായ ഒരു കാലഘട്ടത്തെ നമ്മുടെ ജീവിത മൂല്യങ്ങളുടെ പ്രതിഫലനമായി കാണുവാൻ നാം പ്രലോഭിതരാകുന്നു.
നമ്മുടെ ഇന്നത്തെ കഷ്ടപ്പാടുകളും ദൈവമക്കൾ എന്ന നിലയിലുള്ള നമ്മുടെ ഭാവി മഹത്വവും തമ്മിലുള്ള ബന്ധം അപ്പോസ്തലനായ പൗലോസ് സ്ഥിരീകരിച്ചു. നമുക്കുവേണ്ടി തന്നെത്തന്നെ സമർപ്പിച്ചുകൊണ്ട്, പാപവുമായുള്ള നമ്മുടെ പോരാട്ടത്തിൽ യേശു നമുക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരുകയും അവന്റെ സാദൃശ്യത്തിലേക്ക് നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു(റോമർ 8:31-32). നാമെല്ലാവരും ബുദ്ധിമുട്ടുകളും പീഡനങ്ങളും അനുഭവിക്കുമെങ്കിലും, സഹിച്ചുനിൽക്കാൻ ദൈവത്തിന്റെ അചഞ്ചലമായ സ്നേഹം നമ്മെ സഹായിക്കുന്നു (വാ. 33-34).
അവന്റെ മക്കളെന്ന നിലയിൽ, നമ്മുടെ മൂല്യം നിർവചിക്കാൻ പോരാട്ടങ്ങളെ അനുവദിക്കാൻ നാം പ്രലോഭിതരാകുന്നു. എന്നിരുന്നാലും, നമ്മുടെ ആത്യന്തിക വിജയം ഉറപ്പാണ്. വഴിയിൽ നമ്മൾ ഇടറിയേക്കാം, പക്ഷേ നമ്മൾ എപ്പോഴും “ജയാളികളേക്കാൾ അധികം” ആയിരിക്കും. (വാ. 35-39).
ദൈവസ്നേഹത്തിലുള്ള താങ്കളുടെ ദൃഢവിശ്വാസം എപ്പോഴാണ് താങ്കളെ മുന്നേറാൻ സഹായിച്ചത്? ഒരു വലിയ നഷ്ടത്തിനു ശേഷവും എങ്ങനെയാണു ദൈവം താങ്കളെ തന്റെ പ്രിയപ്പെട്ട പൈതൽ എന്ന താങ്കളുടെ മൂല്യം ഉറപ്പിച്ചത്?
പിതാവേ, പരീക്ഷണങ്ങളിലൂടെ ജയഘോഷവുമായി ഉയരാൻ എന്നെ സഹായിച്ചതിന് നന്ദി.