ബുക്ക് ക്ലബ്ബ് നേതാവ് സംഘം ചർച്ച ചെയ്യാനിരുന്ന നോവൽ സംഗ്രഹിക്കുമ്പോൾ മുറിയിലെ ബഹളം സുഖകരമായ ഒരു നിശബ്ദതയിലേക്ക് നീങ്ങി. എന്റെ സുഹൃത്ത് ജോവാൻ നോവൽ സംഗ്രഹം ശ്രദ്ധയോടെ കേട്ടിരുന്നു, പക്ഷേ അതിന്റെ ഇതിവൃത്തം തിരിച്ചറിഞ്ഞില്ല. അവസാനം, മറ്റുള്ളവർ വായിച്ച ഫിക്ഷൻ സൃഷ്ടികൾക്ക് സമാനമായ തലക്കെട്ടുള്ള ഒരു നോൺ ഫിക്ഷൻ പുസ്തകമാണ് താൻ വായിച്ചതെന്ന് അവൾ മനസ്സിലാക്കി. “തെറ്റായ” ആ പുസ്തകം അവൾ ആസ്വദിച്ചെങ്കിലും, “ശരിയായ” പുസ്തകത്തെ കുറിച്ചുള്ള ചർച്ചയിൽ  അവളുടെ സുഹൃത്തുക്കളുമായി പങ്കു ചേരാൻ അവൾക്ക് കഴിഞ്ഞില്ല.

യേശുവിലുള്ള കൊരിന്ത്യ വിശ്വാസികൾ “തെറ്റായ” ഒരു യേശുവിൽ വിശ്വസിക്കാൻ അപ്പോസ്തലനായ പൗലോസ് ആഗ്രഹിച്ചില്ല. വ്യാജ ഉപദേഷ്ടാക്കൾ സഭയിൽ നുഴഞ്ഞുകയറുകയും അവർക്ക് വ്യത്യസ്തമായ ഒരു “യേശു” വിനെ നൽകുകയും അവർ ആ നുണകൾ വിഴുങ്ങുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി (2 കൊരിന്ത്യർ 11:3-4).

ഈ വ്യാജ പണ്ഡിതന്മാരുടെ ദൈവദൂഷണത്തെ പൗലോസ് വിമർശിച്ചു. എന്നിരുന്നാലും, സഭയ്ക്കുള്ള തന്റെ ആദ്യ കത്തിൽ, തിരുവെഴുത്തുകളിലെ യേശുവിനെക്കുറിച്ചുള്ള സത്യം അദ്ദേഹം അവലോകനം ചെയ്തു. ഈ യേശുവായിരുന്നു “നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ച മിശിഹാ… മൂന്നാം ദിവസം ഉയത്തെഴുന്നേറ്റു . . . പിന്നീട് പന്ത്രണ്ടു ശിഷ്യന്മാർക്കും  [പ്രത്യക്ഷപ്പെട്ടു],” ഒടുവിൽ പൗലോസിന്  തന്നെയും (1 കൊരിന്ത്യർ 15:3-8). ഈ യേശു മറിയ എന്ന കന്യകയിലൂടെ ഭൂമിയിലേക്ക് വന്നു, അവന്റെ ദൈവിക സ്വഭാവം സ്ഥിരീകരിക്കാൻ ഇമ്മാനുവൽ (ദൈവം നമ്മോടുകൂടെ) എന്ന് നാമകരണം ചെയ്യപ്പെട്ടു (മത്തായി 1:20-23).

ഇത് താങ്കൾക്ക് അറിയാവുന്ന യേശുവിനെപ്പോലെയാണോ? അവനെക്കുറിച്ച് ബൈബിളിൽ എഴുതിയിരിക്കുന്ന സത്യം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് നാം സ്വർഗത്തിലേക്ക് നയിക്കുന്ന ആത്മീയ പാതയിലാണെന്ന് ഉറപ്പുനൽകുന്നു.