ഒരു പ്രസംഗത്തിന്റെ വിശദീകരണത്തിന്റെ ഭാഗമായി, വേദിയിൽ ഒരു കലാകാരി സൃഷ്ടിച്ചുകൊണ്ടിരുന്ന മനോഹരമായ ഒരു ചിത്രത്തിന്റെ അടുത്തേക്ക് ഞാൻ നടന്നുചെന്ന് അതിന്റെ മധ്യത്തിൽ ഒരു ഇരുണ്ട വര ഉണ്ടാക്കി. സഭ പരിഭ്രാന്തിയിലായി. അവൾ സൃഷ്ടിച്ചത് ഞാൻ വികൃതമാക്കുന്നത് ആ കലാകാരി നോക്കിനിന്നു. തുടർന്ന്, ഒരു പുതിയ ബ്രഷ് തിരഞ്ഞെടുത്ത്, വികൃതമാക്കിയ ആ ചിത്രത്തെ അവൾ മനോഹരമായ ഒരു കലാസൃഷ്ടിയാക്കി മാറ്റി.

ആ ചിത്രത്തെ പുനർജ്ജീവിപ്പിക്കാനുള്ള അവളുടെ പരിശ്രമം, നമ്മുടെ ജീവിതത്തെ നാം താറുമാറാക്കുമ്പോൾ, ദൈവത്തിന് നമ്മുടെ ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന വേലയെക്കുറിച്ച് എന്നെ ഓർമിപ്പിച്ചു. ഇസ്രായേൽ ജനതയുടെ ആത്മീയ അന്ധതയ്ക്കും ബധിരതയ്ക്കും വേണ്ടി പ്രവാചകനായ യെശയ്യാവ് അവരെ ശാസിച്ചു (യെശയ്യാവ് 42:18-19), എന്നാൽ പിന്നീട് അവൻ ദൈവത്തിന്റെ വിടുതലിന്റെയും വീണ്ടെടുപ്പിന്റെയും പ്രത്യാശ അവരോട് പ്രഖ്യാപിച്ചു: “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു” (43:1). ). നമുക്കുവേണ്ടിയും അവന് അതുതന്നെ ചെയ്യാൻ കഴിയും. നാം പാപം ചെയ്‌തതിനു ശേഷം, നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു നമ്മെ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു (വാക്യങ്ങൾ 5-7; 1 യോഹന്നാൻ 1:9 കാണുക). വികൃതമായതിൽ നിന്നും സൗന്ദര്യം കൊണ്ടുവരാൻ നമുക്ക് കഴിയില്ല, പക്ഷേ യേശുവിന് കഴിയും. അവൻ തന്റെ രക്തത്താൽ നമ്മെ വീണ്ടെടുത്തു എന്നതാണ് സുവിശേഷത്തിന്റെ സുവാർത്ത. ഒടുവിൽ, ക്രിസ്തു നമ്മുടെ കണ്ണുനീർ തുടക്കുകയും നമ്മുടെ ഭൂതകാലത്തെ വീണ്ടെടുക്കുകയും എല്ലാം പുതിയതാക്കുകയും ചെയ്യുമെന്ന് വെളിപ്പാട് പുസ്തകം നമുക്ക് ഉറപ്പുനൽകുന്നു (വെളിപാട് 21:4-5).

നമ്മുടെ കഥയെപ്പറ്റി ഒരു പരിമിതമായ കാഴ്ചപ്പാട്  മാത്രമേ നമുക്കുള്ളൂ. എന്നാൽ നമ്മെ “പേരുകൊണ്ടു” അറിയുന്ന ദൈവം (യെശയ്യാവു 43:1) നമ്മുടെ ജീവിതത്തെ നമുക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയുന്നതിലുമധികം മനോഹരമാക്കും. യേശുവിലുള്ള വിശ്വാസത്താൽ താങ്കൾ വീണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ആ ചിത്രം പോലെ താങ്കളുടെ കഥയ്ക്കും മഹത്തായ ഒരു അന്ത്യമുണ്ട്.