ഇംഗ്ലണ്ടിലെ ഒരു യുവാവിൽ നിന്ന് എനിക്ക് ഒരു ഇമെയിൽ ലഭിച്ചു, അറുപത്തിമൂന്ന് വയസ്സുള്ള അവന്റെ പിതാവ് അത്യാസന്നനിലയിൽ ആശുപത്രിയിലാണ്. ഞങ്ങൾ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലെങ്കിലും, അവന്റെ പിതാവിന്റെയും എന്റെയും ജോലിക്ക് ഒരുപാട് സാമ്യങ്ങൾ ഉണ്ടായിരുന്നു. അവസാന നാളുകളിൽ പിതാവിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ച മകൻ, പ്രോത്സാഹനത്തിന്റെയും പ്രാർത്ഥനയുടെയും ഒരു വീഡിയോ സന്ദേശം അയയ്ക്കാൻ എന്നോട് ആവശ്യപ്പെട്ടു. ആഴത്തിൽ വികാരാധീനനായ ഞാൻ, ഒരു ഹ്രസ്വ സന്ദേശവും രോഗശാന്തിക്കായി ഒരു പ്രാർത്ഥനയും റെക്കോർഡു ചെയ്‌ത് അയച്ചു. അവന്റെ പിതാവ് വീഡിയോ കാണുകയും ഹൃദയംഗമമായ ഒരു തംപ്സ് അപ് നൽകുകയും ചെയ്തുവെന്ന് അവൻ എന്നെ അറിയിച്ചു. സങ്കടകരമെന്നു പറയട്ടെ, കുറച്ച് ദിവസങ്ങൾക്ക് ശേഷം, എനിക്ക് അദ്ദേഹത്തിന്റെ മറ്റൊരു ഇമെയിൽ ലഭിച്ചു. പിതാവ് മരിച്ചു. തന്റെ അവസാന ശ്വാസം എടുക്കുമ്പോൾ അദ്ദേഹം തന്റെ ഭാര്യയുടെ കൈപിടിച്ചിരുന്നു.

എന്റെ ഹൃദയം തകർന്നു. എന്തൊരു സ്നേഹം, എന്തൊരു വിട ചൊല്ലൽ. വളരെ പെട്ടെന്നാണ് ആ കുടുംബത്തിന് ഒരു ഭർത്താവിനെയും പിതാവിനെയും നഷ്ടമായത്. എന്നാൽ, ദുഃഖിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് യേശു പറയുന്നു. ഇത് ആശ്ചര്യകരമായ കാര്യമാണ്. “ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ” (മത്തായി 5:4). കഷ്ടപ്പാടും ദുഃഖവും നല്ലതാണെന്ന് യേശു പറയുന്നില്ല, മറിച്ച് ഏറ്റവും ആവശ്യത്തിലിരിക്കുന്നവരുടെ മേൽ ദൈവം തന്റെ കരുണയും ദയയും പകരുന്നു എന്നാണവൻ പറയുന്നത്. ഉറ്റവരുടെ മരണത്താലോ സ്വന്തം പാപത്താലോ ദുഃഖം അനുഭവിക്കുന്നവർക്ക് പോലും ദൈവത്തിന്റെ സാമീപ്യവും സാന്ത്വനവും ഏറ്റവും ആവശ്യമാണ്. യേശു വാഗ്ദാനം ചെയ്യുന്നു – “അവർക്ക് ആശ്വാസം ലഭിക്കും” (വാക്യം 4).

ദൈവം തന്റെ പ്രിയ മക്കളുടെ അടുത്ത് വരുന്നു (വാ. 9), അവരുടെ കണ്ണുനീരിൽ അവൻ അവരെ ആശ്വസിപ്പിക്കുന്നു.