മൂന്ന് വയസുള്ള വൈറ്റ്-ബെൽറ്റ് കരാട്ടെ വിദ്യാർത്ഥിനി തന്റെ ഗുരുവിനെ അനുകരിച്ച വീഡിയോ വൈറലായി. വലിയ ആവേശത്തോടെയും ഉറപ്പോടും ആ കൊച്ചു പെൺകുട്ടി തന്റെ ഗുരുവിനൊപ്പം കരാട്ടെ ശബ്ദം മുഴക്കി. പിന്നെ, സമചിത്തതയോടെ, ശ്രദ്ധയോടെ, ഭംഗിയും ചുറുചുറുക്കുമുള്ള ആ കൊച്ചു പെൺകുട്ടി അവളുടെ ഗുരു പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും അനുകരിച്ചു – കുറഞ്ഞപക്ഷം, അവൾ നന്നായി ശ്രമിക്കുകയെങ്കിലും ചെയ്തു!

യേശു ഒരിക്കൽ പറഞ്ഞു, “ശിഷ്യൻ ഗുരുവിനു മീതെയല്ല, അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും” (ലൂക്കൊ. 6:40). തന്നെ അനുകരിക്കുന്നവൻ  മനസ്സലിവുള്ളവനും സ്നേഹമുള്ളവനും വിവേചനരഹിതനും ആയിരിക്കണമെന്ന് അവൻ പറഞ്ഞു (വാ. 37-38). അവർ ആരെയാണ് പിന്തുടരുന്നതെന്ന് വിവേചിച്ചറിയണമെന്നും അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞു: “കുരുടനു കുരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ?” (വാ. 39). അന്ധരായ വഴികാട്ടികളും ആളുകളെ ദുരന്തത്തിലേക്ക് നയിക്കുന്നവരുമായ പരീശന്മാർ ഈ മാനദണ്ഡം അനുസരിച്ച് അയോഗ്യരാണെന്ന് അവന്റെ ശിഷ്യന്മാർ തിരിച്ചറിയേണ്ടതുണ്ട് (മത്തായി 15:14). അവരുടെ ഗുരുവിനെ പിന്തുടരുന്നതിന്റെ പ്രാധാന്യം അവർ മനസ്സിലാക്കേണ്ടതുണ്ട്. ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ ലക്ഷ്യം യേശുവിനെപ്പോലെ ആകുക എന്നതായിരുന്നു. അതിനാൽ, ദയയെ കുറിച്ചും സ്നേഹത്തെ കുറിച്ചും ഉള്ള ക്രിസ്തുവിന്റെ പ്രബോധനങ്ങൾ ശ്രദ്ധാപൂർവം ശ്രവിയ്ക്കുകയും  അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത് അവർക്ക് ആവശ്യമായിരുന്നു.

ഇന്ന് യേശുവിനെ അനുകരിക്കാൻ ശ്രമിക്കുന്ന വിശ്വാസികൾ എന്ന നിലയിൽ, നമുക്ക് നമ്മുടെ ജീവിതം നമ്മുടെ ഗുരുനാഥന് സമർപ്പിക്കാം, അങ്ങനെ നമുക്ക് അറിവിലും ജ്ഞാനത്തിലും പെരുമാറ്റത്തിലും അവനെപ്പോലെയാകുവാൻ കഴിയും. അവന്റെ ഉദാരവും സ്നേഹനിർഭരവുമായ വഴികൾ പ്രതിഫലിപ്പിക്കാൻ നമ്മെ സഹായിക്കാൻ അവനു മാത്രമേ കഴിയൂ.