ബ്രണ്ടനും കാറ്റിയും പരസ്പരം നോക്കി. അവരുടെ മുഖത്തെ ശുദ്ധമായ സന്തോഷം നോക്കുമ്പോൾ, അവർ കടന്നുപോയ ദുഷ്‌കരമായ വഴികൾ നിങ്ങൾ ഒരിക്കലും ഊഹിക്കില്ല. COVID-19 നിയന്ത്രണങ്ങൾ കാരണം അവരുടെ പല വിവാഹ പദ്ധതികളും നാടകീയമായി മാറ്റിമറിക്കപ്പെട്ടു. ഇരുപത്തിയഞ്ച് കുടുംബാംഗങ്ങൾ മാത്രമേ സന്നിഹിതരായിരുന്നുള്ളു എങ്കിൽ പോലും, പരസ്പരസ്നേഹം നിമിത്തം, വിവാഹ പ്രതിജ്ഞ പറയുമ്പോൾ ഇരുവരിൽ നിന്നും സന്തോഷവും സമാധാനവും പ്രസരിച്ചു; തങ്ങളെ നിലനിറുത്തുന്ന ദൈവസ്നേഹത്തിന് അവർ നന്ദി പ്രകടിപ്പിച്ചു.

പരസ്പരം സന്തോഷിക്കുന്ന വധൂവരന്മാരുടെ ചിത്രം, ദൈവത്തിന് തന്റെ ജനത്തോടുള്ള സന്തോഷവും സ്നേഹവും വിവരിക്കാൻ യെശയ്യാ പ്രവാചകൻ വരച്ച ചിത്രമാണ്. ദൈവം വാഗ്ദാനം ചെയ്ത വിടുതലിനെക്കുറിച്ചുള്ള മനോഹരമായി കാവ്യാത്മകമായ ഒരു വിവരണത്തിൽ, യെശയ്യാവ്ത ന്റെ വായനക്കാരെ ഓർമ്മിപ്പിച്ചു, ദൈവം അവർക്ക് നൽകിയ രക്ഷ, തകർന്ന ലോകത്തിൽ ജീവിക്കുന്നതിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു – ഹൃദയം തകർന്നവരെ മുറിവ് കെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും… അവൻ എന്നെ അയച്ചിരിക്കുന്നു ( യെശയ്യാവ് 61:1-3). ദൈവം തന്റെ ജനത്തിന് സഹായം വാഗ്ദാനം ചെയ്തു, വധുവും വരനും പരസ്പരം സ്നേഹം ആഘോഷിക്കുന്നതുപോലെ, “നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും” (62:5).

ദൈവം നമ്മിൽ പ്രസാദിക്കുന്നു എന്നതും, നമ്മളുമായി ഒരു ബന്ധം ആഗ്രഹിക്കുന്നു എന്നതും ശ്രദ്ധേയമായ ഒരു സത്യമാണ്. തകർന്ന ലോകത്തിൽ ജീവിക്കുന്നതിന്റെ അനന്തരഫലങ്ങൾ നിമിത്തം നാം പാടുപെടുമ്പോഴും, നമ്മെ സ്‌നേഹിക്കുന്ന ഒരു ദൈവമുണ്ട്, മനസ്സില്ലാമനസ്സോടെയല്ല, മറിച്ച് സന്തോഷത്തോടെ, എന്നേക്കും നിലനിൽക്കുന്ന നിത്യസ്നേഹത്തോടെ. “അവന്റെ ദയ എന്നേക്കുമുള്ളത്” (സങ്കീർത്തനം 136:1).