എന്റെ സുഹൃത്ത് ഇറായുടെ സ്റ്റാറ്റസ് അപ്ഡേറ്റ് കണ്ട് കണ്ണീരടക്കാൻ എനിക്ക് കഴിഞ്ഞില്ല. 2022-ൽ ഉപരോധിക്കപ്പെട്ട ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിലെ തന്റെ വീടുവിട്ട് ദിവസങ്ങൾക്കുശേഷം, അവൾ ഒരു ഓട്ടമത്സരത്തിന്റെ അവസാനം തന്റെ രാജ്യത്തിന്റെ പതാക ഉയർത്തുന്നതിന്റെ ഒരു മുൻകാല ചിത്രം പോസ്റ്റ് ചെയ്തു. അവൾ എഴുതി, “ജീവിതം എന്ന് വിളിക്കപ്പെടുന്ന മാരത്തൺ ഓട്ടത്തിലാണ് നാമെല്ലാവരും. മുമ്പത്തേക്കാൾ നന്നായി ഈ ദിവസങ്ങളിൽ നമുക്കോടാം – ഹൃദയങ്ങളിൽ മരിക്കാത്ത എന്തോ ഒന്നും കൊണ്ട്.” തുടർന്നുള്ള ദിവസങ്ങളിൽ, എന്റെ സുഹൃത്ത് ആ ഓട്ടം തുടരുന്ന പല വഴികളും ഞാൻ കണ്ടു, അവളുടെ രാജ്യത്ത് ദുരിതമനുഭവിക്കുന്നവർക്കായി എങ്ങനെ പ്രാർത്ഥിക്കാമെന്നും പിന്തുണയ്‌ക്കാമെന്നും അവൾ ഞങ്ങളെ അപ്‌ഡേറ്റ് ചെയ്‌തു.

ഇറായുടെ വാക്കുകൾ എബ്രായർ 12-ൽ, വിശ്വാസികൾ “സ്ഥിരതയോടെ ഓടുക” എന്ന ആഹ്വാനത്തിന് പുതിയ ആഴം കൊണ്ടുവന്നു (വാ.1). ആ ആഹ്വാനം, വിശ്വാസ വീരൻമാരുടെ,- ജീവൻ പോലും അപകടത്തിലായിട്ടും (11:33-38) ധീരവും സ്ഥിരതയുള്ളതുമായ ഓട്ടം ഓടിയ “സാക്ഷികളുടെ വലിയോരു സമൂഹത്തിന്റെ” (12:1) – ഹൃദയസ്പർശിയായ വിവരണത്തെ രേഖപ്പെടുത്തിയ അധ്യായത്തെ പിന്തുടരുന്നു. അവർ “ദൂരത്തുനിന്ന് ദൈവത്തിന്റെ വാഗ്ദത്തങ്ങൾ കണ്ട് അഭിവന്ദിച്ച്” (വാ.13), നിത്യമായ ഒന്നിനുവേണ്ടി, ഒരിക്കലും മരിക്കാത്ത ഒന്നിനുവേണ്ടി ഓടുകയായിരുന്നു.

യേശുവിലുള്ള എല്ലാ വിശ്വാസികളും അങ്ങനെ തന്നെ ജീവിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. കാരണം ദൈവരാജ്യത്തിന്റെ ശാലോം – സമാധാനവും സംതൃപ്തിയും – നമ്മുടെ സകലവും സമർപ്പിക്കുവാൻ യോഗ്യമാണ്. ക്രിസ്തുവിന്റെ മാതൃകയും ശക്തിയുമാണ് നമ്മെ എന്നും നിലനിർത്തുന്നത് (12:2-3).