1800-കളുടെ അവസാനത്തിൽ, വിവിധ സ്ഥലങ്ങളിലുള്ള ആളുകൾ ഒരേ സമയം സമാനമായ വേദപഠന പദ്ധതികൾ വികസിപ്പിച്ചെടുത്തു. ആദ്യത്തേത് 1877-ൽ കാനഡയിലെ മോൺട്രിയയിൽ ആയിരുന്നു. പിന്നെ, 1898-ൽ ന്യൂയോർക്ക് സിറ്റിയിൽ മറ്റൊരു സംരംഭം ആരംഭിച്ചു. 1922 ആയപ്പോഴേക്കും, വടക്കേ അമേരിക്കയിൽ ഇതുപോലെ ഏകദേശം അയ്യായിരത്തോളം വേദപഠനപദ്ധതികൾ ഓരോ വേനൽക്കാലത്തും സജീവമായിരുന്നു.
അങ്ങനെ അവധിക്കാല ബൈബിൾ സ്കൂളിന്റെ ആദ്യകാല ചരിത്രം ആരംഭിച്ചു. യുവാക്കൾ ബൈബിൾ അറിയണം എന്ന ആഗ്രഹമായിരുന്നു ആ വി.ബി.എസ്. ഉപജ്ഞാതാക്കളെ അതിനായി ഉത്സാഹിപ്പിച്ചത് .
തന്റെ യുവ അനുയായി തിമൊഥെയൊസിനോട്, “തിരുവെഴുത്ത് ദൈവശ്വാസീയമാണ്” എന്നും അതു നമ്മെ “സകല സൽപ്രവൃത്തിക്കും” സജ്ജരാക്കുന്നുവെന്നും (2 തിമൊ. 3:16-17) എഴുതിയപ്പോൾ പൗലൊസിന് സമാനമായ അഭിനിവേശം ഉണ്ടായിരുന്നു. എന്നാൽ നിങ്ങൾ “ബൈബിൾ വായിക്കുന്നത് നല്ലതാണ്” എന്ന ഉദാരമായ നിർദ്ദേശം മാത്രമായിരുന്നില്ല അത്. “ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത” (വാ.7) വ്യാജ ഉപദേഷ്ടാക്കൻമാർ ഉള്ള “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും” (വാ.1) എന്ന ഭയാനകമായ മുന്നറിയിപ്പ് നൽകികൊണ്ടാണ് പൗലൊസ് താക്കീത് നല്കിയത്. തിരുവെഴുത്തു കൊണ്ടു നാം നമ്മെത്തന്നെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, കാരണം അത് നമ്മുടെ രക്ഷകന്റെ പരിജ്ഞാനത്തിൽ നമ്മെ ആഴ്ത്തി “ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ [നമ്മെ] രക്ഷയ്ക്കു ജ്ഞാനികൾ” (വാ.14) ആക്കുന്നു.
ബൈബിൾ പഠിക്കുന്നത് കുട്ടികൾക്ക് മാത്രമല്ല; മുതിർന്നവർക്കും നല്ലതാണ്. അത് വെറും വേനൽക്കാലത്തേക്കു മാത്രമല്ല; എല്ലാ ദിവസത്തേക്കും ഉള്ളതാണ്. പൗലൊസ് തിമൊഥെയൊസിന് എഴുതി, “തിരുവെഴുത്തുകളെ [നീ] ബാല്യം മുതൽ അറികയും” (വാ.14) ചെയ്തിരിക്കുന്നു. എന്നാൽ നമുക്ക് വേദപഠനം ആരംഭിക്കുവാൻ എപ്പോൾ വേണമെങ്കിലും സാധിക്കും. നാം ജീവിതത്തിന്റെ ഏത് ഘട്ടത്തിലാണെങ്കിലും, ബൈബിളിന്റെ പരിജ്ഞാനം നമ്മെ യേശുവിലേക്ക് ബന്ധിപ്പിക്കുന്നു. ഇത് നമുക്കെല്ലാവർക്കും വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട വേദഭാഗങ്ങൾ ഏതാണ്? അവ ക്രിസ്തുവിനെ എങ്ങനെ ചൂണ്ടിക്കാണിക്കുന്നു?
സ്നേഹവാനായ ദൈവമേ, തിരുവെഴുത്ത് എന്ന ദാനത്തിനും യേശുവിനെക്കുറിച്ച് അറിയാൻ അത് എന്നെ സഹായിക്കുന്നതിനും നന്ദി.