ജീവനുള്ള ഒരു വ്യക്തിയുടെ ആദ്യ ഫോട്ടോ എടുത്തത് 1838-ൽ ലൂയിസ് ഡാഗുറെയാണ്. പാരീസിലെ വിശാലമായ ഒരു തെരുവിൽ ഉച്ചതിരിഞ്ഞനേരം നിൽക്കുന്ന ഒരു വ്യക്തിയെ ആ ഫോട്ടോ ചിത്രീകരിക്കുന്നു. എന്നാൽ അതിൽ പ്രകടമായ ഒരു വിരോധാഭാസമുണ്ട്; ആ സമയത്ത് തെരുവുകളും നടപ്പാതകളും വണ്ടികളുടെയും കാൽനടയാത്രക്കാരുടെയും ഗതാഗതത്താൽ തിരക്കേറിയതായിരിക്കണം, എന്നിട്ടും ആരെയും കാണാനില്ല. ആ വീഥി ശൂന്യമായി കാണപ്പെട്ടു.

ആ മനുഷ്യൻ ഒറ്റയ്ക്കല്ലായിരുന്നു. ഫോട്ടോ എടുത്ത തിരക്കേറിയ ജനപ്രിയ പ്രദേശമായ ബുളവാർഡ് ഡ്യു ടെംപിളിൽ മനുഷ്യരും കുതിരകളും ഉണ്ടായിരുന്നു. ചിത്രത്തിൽ അവ വന്നില്ല എന്ന് മാത്രം. ആ ഫോട്ടോ പ്രോസസ്സ് ചെയ്യുന്നതിനുള്ള എക്സ്പോഷർ സമയം (Daguerreotype എന്നറിയപ്പെടുന്നത്) ഒരു ചിത്രം പകർത്താൻ ഏഴ് മിനിറ്റ് എടുത്തു. ഫോട്ടോ എടുക്കുമ്പോൾ’ വസ്തു ചലനരഹിതമായിരിക്കണം. വഴിയരികിലെ ആ മനുഷ്യൻ മാത്രമാണ് ഫോട്ടോയിൽ വന്നത്, കാരണം അയാൾ മാത്രമാണ് നിശ്ചലമായി നിന്നത് – അയാൾ തന്റെ ബൂട്ടുകൾ പോളിഷ് ചെയ്പ്പിക്കുകയായിരുന്നു. 

ചിലപ്പോൾ നിശ്ചലത ചലനത്തിലും പരിശ്രമത്തിനും കഴിയാത്തത് നിറവേറ്റുന്നു. സങ്കീർത്തനം 46:10 ൽ ദൈവം തന്റെ ജനത്തോട് പറയുന്നു, “മിണ്ടാതിരുന്നു, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ.” “ജാതികൾ ക്രുദ്ധിച്ചാലും” (വാ.6) “ഭൂമി മാറിപ്പോയാലും” (വാ.2), മിണ്ടാതിരുന്ന് അവനിൽ ആശ്രയിക്കുന്നവർ, “കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു”(വാ.1) എന്നു മനസ്സിലാക്കും.

“മിണ്ടാതിരുന്നു” എന്ന് അവതരിപ്പിച്ചിരിക്കുന്ന എബ്രായ ക്രിയയെ “പരിശ്രമം നിർത്തുക” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. നമ്മുടെ പരിമിതമായ പരിശ്രമങ്ങളെ ആശ്രയിക്കുന്നതിനു പകരം നാം ദൈവത്തിൽ വിശ്രമിക്കുമ്പോൾ അവൻ നമ്മുടെ അനിഷേധ്യമായ “സങ്കേതവും ബലവും” ആണെന്ന് നാം കണ്ടെത്തുന്നു (വാ.1).