ഞങ്ങളുടെ പൂമുഖത്തിനടുത്തുള്ള ഗാർഡൻ ഹോസിന് സമീപം ഒരു ചെറിയ പുല്ല് മുളയ്ക്കുന്നത് ഞാൻ ശ്രദ്ധിച്ചു. നിരുപദ്രവകരമെന്നു തോന്നിപ്പിച്ച ആ കാഴ്ച്ച ഞാൻ അവഗണിച്ചു. ഒരു ചെറിയ കള നമ്മുടെ പുൽത്തകിടിയെ എങ്ങനെ ഉപദ്രവിക്കും? എന്നാൽ ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ, ആ ശല്യം ഒരു ചെറിയ കുറ്റിച്ചെടിയുടെ വലുപ്പത്തിൽ വളരുകയും ഞങ്ങളുടെ മുറ്റം ഏറ്റെടുക്കുവാൻ  തുടങ്ങുകയും ചെയ്തു. അതിന്റെ നീളമേറിയ തണ്ടുകൾ ഞങ്ങളുടെ നടപ്പാതയുടെ ഒരു ഭാഗത്തേക്ക് വളഞ്ഞ് മറ്റു പ്രദേശങ്ങളിൽ മുളച്ചു പൊങ്ങി. അത് എത്ര വിനാശകരിയാകാമെന്ന്  മനസ്സിലാക്കിയപ്പോൾ, ആ കാട്ടുകളകളെ വേരോടെ പിഴുതെറിയാനും കളനാശിനി ഉപയോഗിച്ച് ഞങ്ങളുടെ മുറ്റത്തെ സംരക്ഷിക്കാനും എന്നെ സഹായിക്കാൻ ഞാൻ എന്റെ ഭർത്താവിനോട് ആവശ്യപ്പെട്ടു.

നാം അതിന്റെ സാന്നിധ്യത്തെ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുമ്പോൾ, പാപം അനാവശ്യമായ അമിതവളർച്ച പോലെ നമ്മുടെ ജീവിതത്തെ ആക്രമിക്കുകയും നമ്മുടെ സ്വകാര്യ ഇടം അന്ധകാരമാക്കുകയും ചെയ്യും. പാപരഹിതനായ ദൈവത്തിൽ അന്ധകാരം ഒട്ടുമില്ല. അവിടുത്തെ മക്കൾ എന്ന നിലയിൽ പാപങ്ങളെ മുഖാമുഖം നേരിടാൻ നാം സജ്ജരും കൽപന ലഭിച്ചവരുമാണ്. അതിനാൽ “അവൻ വെളിച്ചത്തിൽ ഇരിക്കുന്നതു പോലെ” (1 യോഹ. 1:7) നമുക്കു വെളിച്ചത്തിൽ നടക്കുവാൻ സാധിക്കും. ഏറ്റുപറച്ചിലിലൂടെയും പശ്ചാത്താപത്തിലൂടെയും നാം പാപമോചനവും പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും അനുഭവിക്കുന്നു (വാ.8-10) കാരണം നമുക്ക് ഒരു വലിയ കാര്യസ്ഥനുണ്ട് – യേശു (2:1). നമ്മുടെ പാപങ്ങളുടെ ആത്യന്തിക വിലയായ അവന്റെ ജീവരക്തം, അവൻ മനഃപൂർവമായി നൽകി. “നമ്മുടേതിനു മാത്രമല്ല, സർവലോകത്തിന്റെ പാപത്തിനുംതന്നെ” (വാ.2).

ദൈവം നമ്മുടെ പാപം നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ, നമുക്കത് നിഷേധിക്കുവാനോ, അതിൽ നിന്ന് ഒഴിവാകുകയോ, നമ്മുടെ ഉത്തരവാദിത്വത്തിൽ നിന്നു വ്യതിചലിക്കുകയോ ചെയ്യുവാൻ കഴിയും. എന്നാൽ പാപം നാം ഏറ്റുപറയുകയും അനുതപിക്കുകയും ചെയ്യുമ്പോൾ, അവനുമായും മറ്റുള്ളവരുമായും ഉള്ള നമ്മുടെ ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന പാപങ്ങളെ അവൻ നീക്കം ചെയ്യുന്നു.