ഞാനും എന്റെ സുഹൃത്ത് സൂസിയും കടൽത്തീരത്തെ പാറകൂട്ടങ്ങളുടെ മുകളിൽ ഇരുന്നു, കമാനാകൃതിയിൽ കടൽത്തിരകൾ ഒന്നിനുപുറകെ ഒന്നായി പാറകളിൽ പതിക്കുന്നത് നോക്കി സൂസി പ്രഖ്യാപിച്ചു, “എനിക്ക് സമുദ്രം ഇഷ്ടമാണ്. അത് എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ എനിക്ക് വെറുതെ ഇരിക്കാം!”
നമ്മുടെ ജോലിയിൽ നിന്ന് വിശ്രമിക്കുന്നതിന് “അനുമതി” ആവശ്യമാണ് എന്നത്, വിചിത്രമായി നമ്മിൽ പലർക്കും തോന്നാം. എന്നാൽ, അതാണ് നമ്മുടെ നല്ല ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നത്! ആറ് ദിവസങ്ങൾ കൊണ്ട് ദൈവം സകലവും ഉരുവാക്കി, വെളിച്ചം, ഭൂമി, സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവ സൃഷ്ടിച്ചു. എന്നിട്ട് ഏഴാം ദിവസം, ദൈവം വിശ്രമിച്ചു (ഉൽപ. 1:31-2:2). തന്നെ ബഹുമാനിക്കുന്നതിനായി, പത്ത് കൽപനകളിൽ ആരോഗ്യകരമായ ജീവിതത്തിന്റെ നിയമങ്ങൾ ദൈവം നൽകിയപ്പോൾ (പുറ. 20:3 -17), ഏഴാം ദിവസത്തെ വിശ്രമദിനമായി ഓർക്കാനുള്ള കൽപന കൊടുത്തു (വാ.8-11). പുതിയ നിയമത്തിൽ, പട്ടണത്തിലെ സകല രോഗികളെയും യേശു സുഖപ്പെടുത്തുന്നതും (മർക്കൊ. 1:29-34), പിറ്റേന്ന് അതിരാവിലെ പ്രാർഥിക്കുവാൻ ഏകാന്തമായ ഒരു സ്ഥലത്തേക്കു പിൻവാങ്ങുന്നതും നാം കാണുന്നു (വാ.35). മനപ്പൂർവമായി , നമ്മുടെ ദൈവം പ്രവർത്തിക്കുകയും വിശ്രമിക്കുകയും ചെയ്തു.
ദൈവത്തിന്റെ കരുതലിന്റെ താളം നമുക്കു ചെയ്യുവാനുള്ള പ്രവർത്തിയിലും വിശ്രമിക്കുവാനുള്ള അവിടുത്തെ ക്ഷണത്തിലും നമുക്ക് ചുറ്റും പ്രതിധ്വനിക്കുന്നു. വസന്തകാലത്ത് പൊട്ടിമുളക്കുന്ന ചെടികൾ വേനൽകാലത്ത് വളർന്ന്, ശരത്കാലത്തിൽ കൊയ്യപ്പെട്ട്, ശൈത്യകാലത്ത് വിശ്രമിക്കുന്നു. ജോലിക്കും വിശ്രമത്തിനും വേണ്ടി ദൈവം നമ്മുടെ ജീവിതത്തെ ക്രമീകരിക്കുന്നു, രണ്ടും ചെയ്യാനുള്ള അനുവാദം നൽകുന്നു.
ജോലിയും വിശ്രമവും തമ്മിലുള്ള നിങ്ങളുടെ ജീവിതത്തിലെ സന്തുലിതാവസ്ഥ നിങ്ങൾ എങ്ങനെ കണക്കാക്കും? ജോലിയുടെയും വിശ്രമത്തിന്റെയും ദൈവീക ക്രമീകരണത്തിന്റെ മാതൃകയെക്കുറിച്ച് ചിന്തിക്കുവാൻ നിങ്ങൾ എങ്ങനെ, എപ്പോൾ ഓരോ ദിവസവും അല്പസമയം ചിലവിടും?
പ്രിയ ദൈവമേ, അങ്ങയുടെ മഹത്വത്തിനും എന്റെ നന്മയ്ക്കുമായി ജോലി ചെയ്യാനും വിശ്രമിക്കാനും അങ്ങയുടെ ഹൃദയത്തെ പിന്തുടരാൻ എന്നെ അനുവദിച്ചതിന് നന്ദി.