എന്റെ ആറാം ക്ലാസുകാരനായ കൊച്ചുമകൻ ലോഗനെ ചില കഠിനമായ ബീജഗണിത മാതൃകയിലുള്ള ഗൃഹപാഠങ്ങളുമായി ഞാൻ സഹായിക്കുമ്പോൾ, ഒരു എഞ്ചിനീയർ ആകുക എന്ന തന്റെ സ്വപ്നത്തെക്കുറിച്ച് അവൻ എന്നോട് പറഞ്ഞു. അവന്റെ കണക്കിലെ x-ഉം y-ഉം എന്തു ചെയ്യണമെന്ന് അവനെ പാഠിപ്പിയ്ക്കുമ്പോൾ, അവൻ ചോദിച്ചു, ” ഇവ ഞാൻ എപ്പോഴെങ്കിലും ഉപയോഗിക്കുവാൻ  പോകുന്നുണ്ടോ?”

എനിക്ക് പുഞ്ചിരിക്കാതിരിക്കുവാൻ  കഴിഞ്ഞില്ല, “ലോഗൻ, നീ ഒരു എഞ്ചിനീയറായാൽ ഇത് തന്നെയാണ് നീ ഉപയോഗിക്കുവാൻ  പോകുന്നവ.” ബീജഗണിതവും തന്റെ ഭാവിയും തമ്മിലുള്ള ബന്ധം അവൻ തിരിച്ചറിഞ്ഞിരുന്നില്ല.

ചിലപ്പോൾ നാം തിരുവെഴുത്തിനെ അങ്ങനെയാണ് വീക്ഷിക്കുന്നത്. പ്രസംഗങ്ങൾ കേൾക്കുകയും ബൈബിളിലെ ചില ഭാഗങ്ങൾ വായിക്കുകയും ചെയ്യുമ്പോൾ നാം ചിന്തിച്ചേക്കാം, “ഞാൻ എപ്പോഴാണ് ഇത് ഉപയോഗിക്കുവാൻ  പോകുന്നത്?” സങ്കീർത്തനക്കാരനായ ദാവീദിന് ചില ഉത്തരങ്ങൾ ഉണ്ടായിരുന്നു. തിരുവെഴുത്തിലെ ദൈവീക സത്യങ്ങൾ “പ്രാണനെ തണുപ്പിക്കുന്നു,” അവ “അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു,” “ഹൃദയത്തെ സന്തോഷിപ്പിക്കുന്നു” (സങ്കീ. 19:7-8) എന്ന് അദ്ദേഹം പറഞ്ഞു. സങ്കീർത്തനം 19-ൽ (അതുപോലെ എല്ലാ തിരുവെഴുത്തുകളിലും) പരാമർശിച്ചിരിക്കുന്നതു പോലെ, ബൈബിളിലെ പുസ്തകങ്ങളിൽ കാണപ്പെടുന്ന തിരുവെഴുത്തുകളുടെ ജ്ഞാനം, നാം ദിനവും ആത്മാവിന്റെ നിർദ്ദേശങ്ങളെ ആശ്രയിക്കുമ്പോൾ (സദൃശ. 2:6) നമ്മെ നയിക്കുന്നു.

തിരുവെഴുത്തുകൾ ഇല്ലെങ്കിൽ, അവനെ അനുഭവിക്കാനും അവന്റെ സ്നേഹവും വഴികളും നന്നായി അറിയാനും ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന സുപ്രധാന മാർഗം നമുക്കില്ല. എന്തിന് ബൈബിൾ പഠിക്കണം? കാരണം “യഹോവയുടെ കല്പന നിർമലമായത്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു” (സങ്കീ. 19:8).