വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്ക് ശേഷം, ചെന്നായ്ക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുന്ന വ്യത്യസ്തമായ ശബ്ദങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കി. ഒരു പ്രത്യേക ശബ്ദ വിശകലന കോഡ് ഉപയോഗിച്ച്, ചെന്നായയുടെ അലർച്ചയിലെ വിവിധ ശബ്ദമാത്രയും പിച്ചുകളും 100 ശതമാനം കൃത്യതയോടെ നിർദ്ദിഷ്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുന്നു എന്ന് ഒരു ശാസ്ത്രജ്ഞൻ കണ്ടെത്തി.
ദൈവം തന്റെ പ്രിയപ്പെട്ട സൃഷ്ടികളുടെ വ്യതിരിക്തമായ ശബ്ദങ്ങൾ തിരിച്ചറിയുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ബൈബിൾ നൽകുന്നു. അവൻ മോശെയെ പേരെടുത്ത് വിളിച്ച് നേരിട്ട് സംസാരിച്ചു (പുറപ്പ. 3:4-6). സങ്കീർത്തനക്കാരനായ ദാവീദ് പ്രഖ്യാപിച്ചു, “ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു” (സങ്കീ. 3:4). അപ്പൊസ്തലനായ പൗലൊസ് ദൈവജനം അവിടുത്തെ ശബ്ദം തിരിച്ചറിയുന്നതിന്റെ മൂല്യം ഊന്നിപ്പറഞ്ഞു.
എഫെസ്യയിലെ അധ്യക്ഷന്മാരോട് വിടപറയുമ്പോൾ, യെരുശലേമിലേക്കു പോകാൻ ആത്മാവു തന്നെ “നിർബന്ധിച്ചു” എന്ന് പൗലൊസ് പറഞ്ഞു. ദൈവത്തിന്റെ ശബ്ദം പിന്തുടരാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം സ്ഥിരീകരിച്ചു, എന്നിരുന്നാലും തന്റെ വരവിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു (അപ്പൊ. പ്രവൃത്തി. 20:22,23). “കൊടിയ ചെന്നായ്ക്കൾ” സഭയ്ക്കുള്ളിൽ നിന്നുപോലും എഴുന്നേല്ക്കുകയും സത്യത്തെ വളച്ചൊടിക്കുകയും ചെയ്യും എന്ന് അപ്പൊസ്തലൻ മുന്നറിയിപ്പു നൽകി (വാ.29-30). എന്നിട്ട്, ദൈവത്തിന്റെ സത്യം വിവേചിച്ചറിയുന്നതിൽ ശുഷ്കാന്തിയുള്ളവരായിരിക്കുവാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു (വാ.31).
ദൈവം നമ്മെ കേൾക്കുകയും ഉത്തരം നല്കുകയും ചെയ്യുന്നു എന്നറിയാനുള്ള വിശേഷാവകാശം യേശുവിലുള്ള എല്ലാ വിശ്വാസികൾക്കും ഉണ്ട്. എല്ലായ്പോഴും തിരുവെഴുത്തിലെ വചനങ്ങളുമായി യോജിക്കുന്ന ദൈവശബ്ദം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയും നമുക്കുണ്ട്.
നിങ്ങൾ തിരുവെഴുത്ത് പഠിക്കുമ്പോൾ എന്ത് തെറ്റായ പഠിപ്പിക്കലിനോട് യുദ്ധം ചെയ്യാനാണ് ദൈവം നിങ്ങളെ സഹായിച്ചിട്ടുള്ളത്? നിങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ അവൻ എപ്പോഴാണ് ബൈബിൾ ഉപയോഗിച്ചിട്ടുള്ളത്?
ദൈവമേ, എനിക്ക് ചുറ്റുമുള്ള ലോകത്തിന്റെ ബഹളം എന്നെ അങ്ങയിൽ നിന്ന് അകറ്റുമെന്ന് തോന്നിപ്പിക്കുമ്പോൾ, അങ്ങയുടെ ശബ്ദം തിരിച്ചറിയാനും അത് അനുസരിക്കാനും എന്നെ സഹായിക്കണമേ.