കഴിഞ്ഞ നിരവധി ദശകങ്ങളായി, ഒരു പുതിയ വാക്ക് നമ്മുടെ സിനിമാ പദസഞ്ചയത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു: പുനരാവിഷ്കാരം. സിനിമയുടെ വാക്ശൈലിയിൽ, ഒരു പുനരാവിഷ്കാരം ഒരു പഴയ കഥയെ എടുത്ത് പുതുക്കി അവതരിപ്പിക്കുന്നു. ചില പുനരാവിഷ്കാരങ്ങൾ  ഒരു വീരകഥയോ പുരാണകഥയോ പോലെ പരിചിതമായ ഒരു കഥ വീണ്ടും പറയുന്നു. മറ്റ് പുനരാവിഷ്കാരങ്ങൾ അധികം അറിയപ്പെടാത്ത ഒരു കഥ എടുത്ത് പുതിയ രീതിയിൽ വീണ്ടും പറയുന്നു. എന്നാൽ എല്ലാ സാഹചര്യത്തിലും, പുനരാവിഷ്കാരം ഒരു ‘പുതു സൃഷ്ടി’ പോലെയാണ്. അതൊരു പുതിയ തുടക്കമാണ്, പഴയതിനു ഒരു പുതിയ ജീവൻ കൊടുക്കാനുള്ള അവസരമാണ്.

പുനരാവിഷ്കാരത്തിന്റെ മറ്റൊരു കഥയുണ്ട് – സുവിശേഷ കഥ. അതിൽ, യേശു അവന്റെ പാപമോചന വാഗ്ദാനത്തിലേക്കും അതുപോലെ സമൃദ്ധവും നിത്യവുമായ പുതുജീവനിലേക്കും നമ്മെ ക്ഷണിക്കുന്നു (യോഹ. 10:10). വിലാപങ്ങളുടെ പുസ്‌തകത്തിൽ, ദൈവത്തിന് നമ്മോടുള്ള സ്നേഹം ഓരോ ദിവസവും “പുതുതാക്കപ്പെടുന്നു” എന്ന് യിരെമ്യാവ് നമ്മെ ഓർമിപ്പിക്കുന്നു: “നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു” (വിലാ. 3:22-23). 

അവിടുത്തെ വിശ്വസ്തത അനുഭവിക്കാനുള്ള പുതിയ ഒരു അവസരമായി ഓരോ ദിവസത്തെയും സ്വീകരിക്കുവാൻ  ദൈവകൃപ നമ്മെ ക്ഷണിക്കുന്നു. നാം നമ്മുടെ പഴയ പാപങ്ങളുടെ ഫലവുമായി മല്ലിടുകയാണെങ്കിലും, അല്ലെങ്കിൽ മറ്റ് പ്രയാസങ്ങളിലൂടെ കടന്നു പോകുകയാണെങ്കിലും, ദൈവത്തിന്റെ ആത്മാവിന് ഓരോ പുതിയ ദിനത്തിലും നമ്മിൽ പാപക്ഷമയും പുതുജീവനും പ്രത്യാശയും പകരാൻ കഴിയും. അതേ, ഓരോ ദിവസവും ഒരു പുനരാവിഷ്കാരണം ആണ്, മഹാനായ സംവിധായകന്റെ പാത പിന്തുടരാനുള്ള അവസരമാണ്, അവൻ നമ്മുടെ കഥയെ തന്റെ വലിയ കഥയിലേക്ക് നെയ്തെടുക്കുന്നു.