വടക്കൻ സ്പെയിൻ കൂട്ടായ്മയും സൗഹൃദവും പ്രകടിപ്പിക്കുന്നതിനുള്ള മനോഹരമായ ഒരു മാർഗം ഉണ്ട്. 

നാട്ടിൻപുറങ്ങൾ നിറയെ കൈകൊണ്ട് നിർമിച്ച ഗുഹകളുള്ളതിനാൽ, ഓരോ വിളവെടുപ്പിനു ശേഷവും ചില കർഷകർ ഗുഹയുടെ മുകളിലെ ഒരു മുറിയിൽ ഇരുന്ന് അവരുടെ വിവിധ വിഭവങ്ങളുടെ പട്ടിക എടുക്കും. കാലം കഴിഞ്ഞപ്പോൾ ആ മുറി “പറയാനുള്ള മുറി” എന്നറിയപ്പെട്ടു – സുഹൃത്തുക്കളും കുടുംബങ്ങളും അവരുടെ കഥകളും രഹസ്യങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കാൻ ഒത്തുകൂടുന്ന കൂട്ടായ്മയുടെ ഒരിടം. നിങ്ങൾക്ക് സുരക്ഷിത സുഹൃത്തുക്കളുടെ അടുത്ത സഹവാസം ആവശ്യമാണെങ്കിൽ, നിങ്ങൾ “പറയാനുള്ള മുറിയിലേക്ക്” പോകും.

അവർ വടക്കൻ സ്പെയിനിലാണ് ജീവിച്ചിരുന്നതെങ്കിൽ, യോനാഥാനും ദാവീദും പങ്കിട്ട ആഴത്തിലുള്ള സൗഹൃദം അവരെ ഒരു പറയാനുള്ള മുറി സൃഷ്ടിക്കുവാൻ  പ്രേരിപ്പിക്കുമായിരിക്കാം. അസൂയ കൂടി ശൗൽ രാജാവ് ദാവീദിനെ കൊല്ലാൻ തുനിഞ്ഞപ്പോൾ, ശൗലിന്റെ മൂത്ത മകനായ യോനാഥാൻ അവനെ സംരക്ഷിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇരുവരുടെയും മനസ്സ് ”പറ്റിച്ചേർന്നു” (1 ശമൂ. 18:1). “യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്ക കൊണ്ട്” (വാ.1,3) – താൻ സിംഹാസനത്തിന്റെ അവകാശിയായിരുന്നെങ്കിലും, രാജാവാകാനുള്ള ദാവീദിന്റെ ദൈവീക തിരഞ്ഞെടുപ്പിനെ തിരിച്ചറിഞ്ഞു. അവൻ “തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു” (വാ.4). ഒരു സുഹൃത്തെന്ന നിലയിൽ തന്നോടുള്ള യോനാഥാന്റെ അഗാധമായ സ്നേഹം വിസ്മയമേറിയതെന്ന് പിന്നീട് ദാവീദ് പ്രഖ്യാപിച്ചു (2 ശമൂ. 1:26).

യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, ക്രിസ്തുതുല്യമായ സ്നേഹവും കരുതലും പ്രതിഫലിപ്പിക്കുന്ന നമ്മുടെ സ്വന്തം “പറയാനുള്ള മുറികൾ” – സൗഹൃദങ്ങൾ – കെട്ടിപ്പടുക്കുവാൻ  അവൻ നമ്മെ സഹായിക്കട്ടെ. സുഹൃത്തുക്കളോടൊപ്പം താമസിക്കാനും ഹൃദയം തുറക്കാനും യേശുവിൽ പരസ്പരം യഥാർത്ഥ കൂട്ടായ്മയിൽ ജീവിക്കാനും നമുക്ക് സമയമെടുക്കാം.