മാറ്റം ജീവിതത്തിലെ വലിയ സമ്മർദങ്ങളിലൊന്നാണ്. ഏകദേശം ഇരുപത് വർഷത്തോളം ഞാൻ എന്റെ മുൻ വീട്ടിൽ താമസിച്ചതിനു ശേഷം ഞങ്ങൾ നിലവിലെ വീട്ടിലേക്ക് മാറി. വിവാഹത്തിനു മുമ്പ് എട്ട് വർഷം ഞാൻ ആ വീട്ടിൽ തനിച്ചായിരുന്നു താമസം. പിന്നെ എന്റെ ഭർത്താവ് എല്ലാ സാധനങ്ങളും സഹിതം കടന്നുവന്നു. പിന്നീട് ഒരു കുഞ്ഞും വന്നു, അതായത് കൂടുതൽ സാധനങ്ങൾ.

പുതിയ വീട്ടിലേക്ക് ഞങ്ങൾ നീങ്ങുന്ന ദിവസം സംഭവരഹിതമായിരുന്നില്ല. “മൂവേർഴ്സ്” എത്തുന്നതിനു അഞ്ച് മിനിറ്റു മുമ്പ് പോലും ഞാൻ ഒരു പുസ്തകത്തിന്റെ കൈയെഴുത്തു പ്രതി പൂർത്തിയാക്കുകയായിരുന്നു. പുതിയ വീടിന് നിരവധി കോണിപ്പടികൾ ഉണ്ടായിരുന്നു, അതിനാൽ ആസൂത്രണം ചെയ്തതിനേക്കാൾ ഇരട്ടി സമയവും ജോലിക്കാരും ആവശ്യമായി വന്നു. 

പക്ഷേ അന്നത്തെ സംഭവങ്ങളിൽ എനിക്ക് സമ്മർദം തോന്നിയില്ല. പിന്നെ എനിക്ക് മനസ്സിലായി: ഒരു പുസ്തകം എഴുതി പൂർത്തിയാക്കുവാൻ  ഞാൻ മണിക്കൂറുകളോളം ചിലവഴിച്ചു – തിരുവെഴുത്തുകളും ബൈബിൾ ആശയങ്ങളും നിറഞ്ഞ ഒരു പുസ്തകം. ദൈവകൃപയാൽ, ഞാൻ ബൈബിളിൽ പരതുകയും പ്രാർഥിക്കുകയും എന്റെ സമയപരിധിക്കുള്ളിൽ  എഴുതി തീർക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. തിരുവെഴുത്തിലും പ്രാർഥനയിലും ഞാൻ മുഴുകി എന്നതായിരുന്നു എനിക്ക് ആരോഗ്യം തന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. 

പൗലൊസ് എഴുതി, “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടു കൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്” (ഫിലി. 4:6). നാം പ്രാർഥിക്കുകയും ദൈവത്തിൽ “സന്തോഷിക്കകയും” ചെയ്യുമ്പോൾ (വാ.4), പ്രശ്നത്തിൽ നിന്ന് നമ്മുടെ ദാതാവിലേക്ക് നാം മനസ്സിനെ കേന്ദ്രീകരിക്കുന്നു. ഒരു സമ്മർദത്തെ നേരിടാൻ നാം ദൈവത്തോട് സഹായം അഭ്യർത്ഥിക്കുകയായിരിക്കാം, പക്ഷേ അതുമൂലം നാം അവനുമായി ബന്ധപ്പെടുന്നു, അത് “സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം” പ്രദാനം ചെയ്യുന്നു (വാ.7).