തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) രോഗികളെ നന്നായി ഉറങ്ങുവാൻ സഹായിക്കുവാൻ ചൈനയിലുള്ള ഫുജിയാനയിലെ ഗവേഷകർ ആഗ്രഹിച്ചു. കൃത്രിമമായി സൃഷ്ടിച്ച ഒരു ഐസിയു പരിതഃസ്ഥിതിയിൽ, ആശുപത്രി നിലവാരമുള്ള ലൈറ്റിംഗുകൾ, മെഷീനുകളുടെ ബീപ്പിംഗിന്റെയും നഴ്സുമാർ സംസാരിക്കുന്നതിന്റെയും ഓഡിയോ റെക്കോർഡിംഗുകൾ എന്നിവ സഹിതം അവർ ചിലരെ പരീക്ഷണ വിധേയരാക്കി, തുടർന്ന് ഉറക്കസഹായ ഉപകരണങ്ങളുടെ ഫലങ്ങൾ അവർ അളന്നു. സ്ലീപ്പ് മാസ്കുകളും ഇയർ പ്ലഗുകളും പോലുള്ള ഉപകരണങ്ങൾ ധരിച്ചവരുടെ  ഉറക്കം മെച്ചപ്പെടുത്തുന്നുവെന്ന് അവരുടെ ഗവേഷണം തെളിയിച്ചു. എന്നാൽ ഒരു യഥാർത്ഥ ഐസിയുവിൽ കിടക്കുന്ന യഥാർത്ഥ രോഗികളെ സംബന്ധിച്ചിടത്തോളം ഉറക്കം എപ്പോഴും ബുദ്ധിമുട്ടായിരിക്കുമെന്ന് അവർ സമ്മതിച്ചു.

നമ്മുടെ ലോകം കലുഷിതമാകുമ്പോൾ നമുക്ക് എങ്ങനെ വിശ്രമം കണ്ടെത്താൻ കഴിയും? ബൈബിൾ വ്യക്തമാണ്: സാഹചര്യങ്ങൾ എന്തു തന്നെയായിരുന്നാലും ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് സമാധാനമുണ്ട്. പുരാതന യിസ്രായേലിൽ കഷ്ടപ്പാടുകൾക്കു ശേഷം പുനഃസ്ഥാപിക്കപ്പെടുന്ന ഒരു ഭാവികാലത്തെക്കുറിച്ച് യെശയ്യാ പ്രവാചകൻ എഴുതി. അവർ തങ്ങളുടെ നഗരത്തിൽ സുരക്ഷിതമായി ജീവിക്കും, കാരണം ദൈവം അത് സുരക്ഷിതമാക്കിയെന്ന് അവർക്കറിയാമായിരുന്നു (യെശയ്യ. 26:1). അവൻ തങ്ങൾക്കു ചുറ്റുമുള്ള ലോകത്തിൽ നന്മ കൊണ്ടുവരാൻ സജീവമായി പ്രവർത്തിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നു – “അവൻ ഉയരത്തിൽ പാർക്കുന്നവരെ… താഴ്ത്തി” അടിച്ചമർത്തപ്പെട്ടവരെ ഉയർത്തി നീതി നടപ്പാക്കുന്നു (വാ.5-6). “യഹോവയാം യാഹിൽ ശാശ്വതമായൊരു പാറ” ഉണ്ടെന്ന് അവർ അറിയുകയും അവിടുന്നിൽ എന്നേക്കും ആശ്രയിക്കുകയും ചെയ്യും (വാ.4).

യെശയ്യാവ് എഴുതി, “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂർണസമാധാനത്തിൽ കാക്കുന്നു” (വാ.3). ഇന്നും നമുക്ക് സമാധാനവും സ്വസ്ഥതയും നൽകാൻ ദൈവത്തിന് കഴിയും. നമുക്ക് ചുറ്റും എന്ത് സംഭവിച്ചാലും അവിടുത്തെ സ്നേഹത്തിന്റെയും ശക്തിയുടെയും ഉറപ്പിൽ നമുക്ക് വിശ്രമിക്കാം.