ഞാൻ കുട്ടിയായിരുന്നപ്പോൾ, ഡികമ്മിഷൻ ചെയ്യപ്പെട്ട രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു ടാങ്ക് എന്റെ വീടിനടുത്തുള്ള ഒരു പാർക്കിൽ പ്രദർശിപ്പിച്ചിരുന്നു. ഒന്നിലധികം അടയാളങ്ങൾ വാഹനത്തിൽ കയറുന്നതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി, പക്ഷേ എന്റെ കുറച്ച് സുഹൃത്തുക്കൾ അതിൽ വലിഞ്ഞു കയറി. ഞങ്ങളിൽ ചിലർ അൽപം മടിച്ചു, പക്ഷേ ഒടുവിൽ ഞങ്ങളും അതു തന്നെ ചെയ്തു. മുന്നറിയിപ്പ് ചിഹ്നങ്ങൾ  ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു പയ്യൻ കയറുവാൻ വിസമ്മതിച്ചു. ഒരു മുതിർന്നയാൾ അടുത്തു വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് മറ്റൊരുത്തൻ താഴേക്ക് ചാടി. വിനോദത്തിനുള്ള പ്രലോഭനം നിയമങ്ങൾ പാലിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തേക്കാൾ കൂടുതലായിരുന്നു.

നമ്മുടെ എല്ലാവരുടേയും ഉള്ളിൽ ബാലിശമായ കലാപത്തിന്റെ ഒരു ഹൃദയമുണ്ട്. എന്തു ചെയ്യണം അല്ലെങ്കിൽ ചെയ്യരുത് എന്ന് പറയുന്നത് നാം ഇഷ്ടപ്പെടുന്നില്ല. “നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന് അതു പാപംതന്നെ” എന്ന് യാക്കോബിൽ (4:17) നാം വായിക്കുന്നു. റോമാ ലേഖനത്തിൽ, അപ്പൊസ്തലനായ പൗലൊസ് എഴുതി: “ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ” (റോമ. 7:19-20).

യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, പാപത്തോടുള്ള നമ്മുടെ പോരാട്ടത്തെക്കുറിച്ച് നാം അത്ഭുതപ്പെടും. എന്നാൽ പലപ്പോഴും ശരിയായത് ചെയ്യാൻ നാം സ്വന്തം ശക്തിയിൽ മാത്രം ആശ്രയിക്കുന്നു. നമ്മുടെ ജീവിതം അവസാനിക്കുന്നതുവരെ, പാപകരമായ പ്രേരണകൾക്ക് നാം അനുദിനം വശംവദരാകാം. അതിനാൽ മരണത്താലും പുനരുത്ഥാനത്താലും പാപത്തിന്മേൽ ജയം നേടിയവന്റെ ശക്തിയിൽ നമുക്ക് ആശ്രയിക്കാം.