വർഷങ്ങൾക്കുമുമ്പ്, എന്റെ അമ്മ മാരക രോഗത്തിനുള്ള ചികിത്സയിലായിരുന്നപ്പോൾ ഞാൻ അവളെ പരിചരിച്ചു. അമ്മയെ ശുശ്രൂഷിക്കാൻ ദൈവം എന്നെ അനുവദിച്ച നാല് മാസത്തിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു, സങ്കടകരമായ പ്രക്രിയയിൽ എന്നെ സഹായിക്കാൻ അവനോട് ആവശ്യപ്പെട്ടു. എന്റെ സമ്മിശ്രവികാരങ്ങളുമായി മല്ലിടുമ്പോൾ ഞാൻ പലപ്പോഴും ദൈവത്തെ സ്തുതിക്കാൻ പാടുപെട്ടു. എന്നാൽ എന്റെ അമ്മ അവസാന ശ്വാസം എടുക്കുകയും ഞാൻ നിലയ്ക്കാതെ കരയുകയും ചെയ്തപ്പോൾ ഞാൻ മന്ത്രിച്ചു, ‘ഹല്ലേലൂയാ.’ ആ സങ്കടകരമായ നിമിഷത്തിൽ ദൈവത്തെ സ്തുതിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി, വർഷങ്ങൾക്ക് ശേഷം, 30-ാം സങ്കീർത്തനം ഞാൻ സൂക്ഷ്മമായി പരിശോധിക്കുന്നതുവരെ ആ കുറ്റബോധം നിലനിന്നു.
ദാവീദിന്റെ ‘ഭവന പ്രതിഷ്ഠാ’ ഗാനത്തിൽ, അവൻ ദൈവത്തെ അവന്റെ വിശ്വസ്തതയ്ക്കും കരുണയ്ക്കും വേണ്ടി ആരാധിച്ചു (വാ. 1-3). ‘അവന്റെ വിശുദ്ധനാമത്തിന്നു സ്‌തോത്രം ചെയ്യാൻ’ അവൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു (വാ. 4). ദൈവം കഷ്ടതയെയും പ്രത്യാശയെയും എത്രമാത്രം ഇഴപിരിച്ചു ചേർത്തിരിക്കുന്നു എന്ന് ദാവീദ് വിവരിച്ചു (വാ. 5). ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും സമയങ്ങളെയും സുരക്ഷിതത്വവും നിരാശയും അനുഭവപ്പെട്ട സമയങ്ങളെയും അവൻ അംഗീകരിച്ചു (വാ. 6-7). സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവത്തിലുള്ള വിശ്വാസത്തോടെയായിരുന്നു (വാ. 7-10). അവന്റെ സ്തുതിയുടെ പ്രതിധ്വനി ദാവീദിന്റെ കരച്ചിലും നൃത്തവും സങ്കടവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളോടു ചേർത്തു നെയ്തതായിരുന്നു (വാ. 11). കഷ്ടതകൾ സഹിച്ചു നിൽക്കുന്നതിന്റെ രഹസ്യവും സങ്കീർണ്ണതയും അംഗീകരിക്കുന്നതുപോലെ, ദൈവത്തിന്റെ വിശ്വസ്തതയെ പ്രതീക്ഷിച്ചുകൊണ്ട്, ദാവീദ് ദൈവത്തോടുള്ള തന്റെ അനന്തമായ ഭക്തി പ്രഖ്യാപിച്ചു (വാ. 12).
ദാവീദിനെപ്പോലെ നമുക്കും പാടാം, “എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്‌തോത്രം ചെയ്യും” (വാ. 12). നാം സന്തുഷ്ടരായാലും വേദനിക്കുന്നവരായാലും, അവനിലുള്ള നമ്മുടെ ആശ്രയം പ്രഖ്യാപിക്കാനും സന്തോഷകരമായ ആർപ്പുവിളികളാലും സ്തുതിയുടെ കണ്ണുനീരാലും അവനെ ആരാധിക്കുന്നതിനു നമ്മെ നയിക്കാനും ദൈവത്തിന് നമ്മെ സഹായിക്കാനാകും.
നിങ്ങളുടെ സമ്മിശ്ര വികാരങ്ങളുടെ സമയത്തും അവനിൽ ആശ്രയിക്കാൻ ദൈവം നിങ്ങളെ സഹായിച്ചത് എങ്ങനെയാണ്? പ്രതിസന്ധികളെ കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾക്ക് എങ്ങനെ അവനെ സ്തുതിക്കാൻ കഴിയും?
പ്രിയ ദൈവമേ, അങ്ങയെ വിശ്വസിക്കാനും അങ്ങയെ സ്തുതിക്കാനും എന്നെ സഹായിക്കണമേ.