ഈ വസന്തകാലത്ത്, ജുറാസിക് പാർക്കിന് പുറത്തുള്ളതുപോലെയുള്ള കളകൾ ഞങ്ങളുടെ വീട്ടുമുറ്റത്തെ വളർന്നു. ഒരെണ്ണം വളരെ വലുതായി, ഞാൻ അത് പറിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ, എനിക്കു മുറിവേൽക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. അത് പിഴുതെടുക്കാൻ ഒരു തൂമ്പ കണ്ടെത്താൻ പോയപ്പോൾ എന്റെ മകൾ അതിനു വെള്ളമൊഴിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. “നീ എന്തിനാണ് കളകൾക്ക് വെള്ളം ഒഴിക്കുന്നത്?!” ഞാൻ ആക്രോശിച്ചു. “ഇത് എത്ര വലുതാകുമെന്ന് എനിക്ക് കാണണം!” അവൾ നിഷ്കളങ്കമായ ചിരിയോടെ മറുപടി പറഞ്ഞു.
കളകൾ, മനപ്പൂർവ്വം വളർത്തുന്ന ഒന്നല്ല. എന്നാൽ അതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ, ചിലപ്പോൾ നമ്മുടെ ആത്മീയ ജീവിതത്തിലെ ”കളകൾക്ക്” നാം വെള്ളം ഒഴിക്കുകയും നമ്മുടെ വളർച്ചയെ ഞെരിച്ചുകളയുന്ന ആഗ്രഹങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഞാൻ മനസ്സിലാക്കി.
ഗലാത്യർ 5:13-26 ൽ ജഡപ്രകാരം ജീവിക്കുന്നതിനെയും ആത്മാവിനാൽ ജീവിക്കുന്നതിനെയും താരതമ്യം ചെയ്തുകൊണ്ട് പൗലോസ് ഇതിനെക്കുറിച്ച് വ്യക്തമാക്കി. നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കുന്നതുകൊണ്ടു നമ്മൾ കൊതിക്കുന്ന ‘കള രഹിത’ ജീവിതം നടക്കില്ലെന്ന് അവൻ പറയുന്നു. പകരം, കളകൾക്കു വെള്ളമൊഴിക്കാതിരിക്കാൻ, ”ആത്മാവിനെ അനുസരിച്ചു നടക്കണമെന്ന്” അവൻ നമ്മോടു നിർദ്ദേശിക്കുന്നു. ‘ ജഡത്തിന്റെ മോഹം നിവർത്തിക്കാനുള്ള’ പ്രേരണയിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നത് ദൈവത്തോടൊപ്പമുള്ള ക്രമമായ ചുവടുവെപ്പാണെന്ന് പൗലൊസ് കൂട്ടിച്ചേർക്കുന്നു (വാ. 16).
പൗലോസിന്റെ പഠിപ്പിക്കലുകൾ പൂർണ്ണമായി മനസ്സിലാക്കുന്നത് ആജീവനാന്ത പ്രക്രിയയാണ്. പക്ഷേ, അദ്ദേഹത്തിന്റെ മാർഗ്ഗനിർദേശത്തിന്റെ ലാളിത്യം എനിക്കിഷ്ടമാണ്: നമ്മുടെ സ്വന്തം ആഗ്രഹങ്ങളെ പോഷിപ്പിച്ചുകൊണ്ട് അനാവശ്യമായ എന്തെങ്കിലും വളർത്തുന്നതിനുപകരം, ദൈവവുമായുള്ള നമ്മുടെ ബന്ധം വളർത്തിയെടുക്കുമ്പോൾ, നാം ഫലം വളർത്തുകയും ദൈവിക ജീവിതത്തിന്റെ വിളവെടുപ്പ് കൊയ്യുകയും ചെയ്യുന്നു (വാ. 22-25. ).
നിങ്ങളുടെ ആത്മീയ ജീവിതത്തിന്റെ ഏതെല്ലാം മേഖലകളിൽ ചില 'കളപറിക്കൽ' ആവശ്യമാണ്? നിങ്ങൾക്ക് എങ്ങനെ ദൈവത്തിന് കീഴടങ്ങാനും അവനോടൊപ്പം നടക്കാനും കഴിയും?
പിതാവേ, ചിലപ്പോൾ ഞാൻ എന്റെ ജീവിതത്തിലെ കളകൾക്കു വെള്ളമൊഴിക്കുന്നു. എന്റെ ജീവിതത്തിൽ അങ്ങ് ആത്മീയ ഫലം പുറപ്പെടുവിക്കുമ്പോൾ, അങ്ങയോട് ചേർന്ന് നിൽക്കുന്ന ജീവിതം അനുഭവിക്കാൻ എന്നെ സഹായിക്കണമേ.