അമേരിക്കൻ ഹാസ്യനടനും എഴുത്തുകാരനുമായ ജോൺ ബ്രാന്യൻ പറഞ്ഞു, ”നാമല്ല ചിരി ആലോചിച്ചുണ്ടാക്കിയത്; അത് നമ്മുടെ ആശയമായിരുന്നില്ല. ജീവിതത്തിലൂടെ കടന്നുപോകാൻ ഞങ്ങൾക്ക് അത് ആവശ്യമാണെന്ന് അറിയാമായിരുന്ന [ദൈവം] അത് നമുക്ക് നൽകി. [കാരണം] നമുക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് അവനറിയാമായിരുന്നു, പോരാട്ടങ്ങൾ ഉണ്ടാകുമെന്ന് അവനറിയാമായിരുന്നു, അവനറിയാമായിരുന്നു. . . പ്രശ്‌നങ്ങൾ സംഭവിക്കുമെന്ന്. . . . ചിരി ഒരു വരദാനമാണ്.”

ദൈവം സൃഷ്ടിച്ച സൃഷ്ടികളെ ഒന്ന് വീക്ഷിക്കുന്നതുപോലും ചിരിയുണ്ടാക്കും. അവരുടെ വിചിത്ര രീതികൾ നമ്മെ ചിരിപ്പിക്കും (താറാവിന്റെ ചുണ്ടുള്ള പ്ലാറ്റിപസ് അല്ലെങ്കിൽ തമാശക്കാരനായ ഓട്ടറുകൾ പോലുള്ളവ). സമുദ്രത്തിൽ വസിക്കുന്ന സസ്തനികളെയും പറക്കാൻ കഴിയാത്ത നീണ്ട കാലുകളുള്ള പക്ഷികളെയും ദൈവം സൃഷ്ടിച്ചു. ദൈവത്തിന് നർമ്മബോധമുണ്ട്; നാം അവന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്കും ചിരിയുടെ ആനന്ദമുണ്ട്.

ചിരി എന്ന വാക്ക് നമ്മൾ ആദ്യം കാണുന്നത് അബ്രഹാമിന്റെയും സാറയുടെയും കഥയിലാണ്. ഈ വൃദ്ധ ദമ്പതികൾക്ക് ദൈവം ഒരു കുഞ്ഞിനെ വാഗ്ദത്തം ചെയ്തു: “നിന്റെ ഉദരത്തിൽനിന്നുപുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും” (ഉല്പത്തി 15:4). ദൈവം അരുളിച്ചെയ്തു: ”നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും” (വാ. 5). ഒടുവിൽ തൊണ്ണൂറാമത്തെ വയസ്സിൽ സാറ പ്രസവിച്ചപ്പോൾ, അബ്രഹാം അവരുടെ മകന് യിസഹാക്ക് എന്ന് പേരിട്ടു, അതിനർത്ഥം ‘ചിരി’ എന്നാണ്. സാറ ഉദ്‌ഘോഷിച്ചതുപോലെ, “ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും” (21:6). തന്റെ വാർദ്ധക്യത്തിൽ ഒരു കുഞ്ഞിനെ മുലയൂട്ടാൻ കഴിയുന്നത് അവളെ അത്ഭുതപ്പെടുത്തി! താൻ പ്രസവിക്കുമെന്ന് കേട്ടപ്പോൾ അവൾക്കുണ്ടായ സംശയത്തിന്റെ ചിരിയെ (18:12)  ദൈവം കേവല സന്തോഷത്തിന്റെ ചിരിയാക്കി മാറ്റി.

ചിരി സമ്മാനിച്ചതിന് ദൈവത്തിന് നന്ദി!