ഗവർണറുടെ ഭാര്യയുടെ പൂച്ചയുടെ ജീവൻ പെപ്പ് അപഹരിച്ചതായി പത്രം പ്രഖ്യാപിച്ചു – പക്ഷേ അവൻ അത് ചെയ്തിരുന്നില്ല. ഗവർണറുടെ കൊട്ടാരത്തിലെ സോഫ കടിച്ചുകീറിയതു മാത്രമായിരിക്കാം അവൻ ചെയ്തത്.

1920-കളിൽ പെൻസിൽവാനിയയുടെ ഗവർണറായിരുന്ന ഗിഫോർഡ് പിഞ്ചോട്ടിന്റെ ഉടമസ്ഥതയിലുള്ള കൊച്ചു ലാബ്രഡോർ റിട്രീവർ ആയിരുന്നു പെപ്പ്. നായയെ ഈസ്റ്റേൺ സ്റ്റേറ്റ് ദുർഗുണ പരിഹാര ജയിലിലേക്ക് അയച്ചിരുന്നു, അവിടെ തടവുകാരന്റെ തിരിച്ചറിയൽ നമ്പർ ധരിപ്പിച്ച് അവന്റെ ഫോട്ടോ എടുത്തു. ഒരു പത്ര ലേഖകൻ അത് കേട്ടപ്പോൾ പൂച്ചയെ കൊന്ന കഥ ഉണ്ടാക്കി. അയാളുടെ റിപ്പോർട്ട് പത്രത്തിൽ വന്നതിനാൽ, പെപ്പ് ശരിക്കും ഒരു പൂച്ചക്കൊലയാളിയാണെന്ന് പലരും വിശ്വസിച്ചു.

യിസ്രായേലിലെ ശലോമോൻ രാജാവിന് തെറ്റായ വിവരങ്ങളുടെ ശക്തി നന്നായി അറിയാമായിരുന്നു. അദ്ദേഹം എഴുതി, ”ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു” (സദൃശവാക്യങ്ങൾ 18:8). ചിലപ്പോൾ നമ്മുടെ വീണുപോയ മനുഷ്യ സ്വഭാവം മറ്റുള്ളവരെക്കുറിച്ചുള്ള സത്യമല്ലാത്ത കാര്യങ്ങൾ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

എന്നിട്ടും, മറ്റുള്ളവർ നമ്മെക്കുറിച്ചുള്ള അസത്യങ്ങൾ വിശ്വസിക്കുമ്പോഴും, ദൈവത്തിന് നമ്മെ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയും. വാസ്തവത്തിൽ, ഗവർണർ പെപ്പിനെ ജയിലിലേക്ക് അയച്ചത് അവിടെയുള്ള അന്തേവാസികൾക്ക് ഒരു സുഹൃത്തായിരിക്കാൻ വേണ്ടിയായിരുന്നു. കൂടാതെ അവൻ ഒരു പയനിയർ തെറാപ്പി നായയായി വർഷങ്ങളോളം സേവനം ചെയ്തു.

മറ്റുള്ളവർ എന്ത് പറഞ്ഞാലും വിചാരിച്ചാലും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. മറ്റുള്ളവർ നമ്മളെക്കുറിച്ച് ഏഷണി പറയുമ്പോൾ, അവന്റെ അഭിപ്രായവും നമ്മോടുള്ള സ്‌നേഹവുമാണ് ഏറ്റവും പ്രധാനമെന്ന് ഓർക്കുക.