അമേരിക്കൻ സംസ്ഥാനമായ മിഷിഗണിൽ നിന്നുള്ള, എപ്പോഴും തിരക്കുള്ള ആളാണ് കാർസൺ. വേട്ടയാടുകയും മീൻ പിടിക്കുകയും ഗ്രാമീണ പാതകളിൽ ബൈക്കോടിക്കുകയും സ്കേറ്റ്ബോർഡിൽ സഞ്ചരിക്കുകയും ചെയ്തുകൊണ്ട് എപ്പോഴും പുറത്തുകറങ്ങാൻ അയാൾ ഇഷ്ടപ്പെട്ടു. എന്നാൽ ഒരു മോട്ടോർ സൈക്കിൾ അപകടത്തിൽ പെട്ട അയാളുടെ ശരീരം നെഞ്ചിനു താഴേക്ക് തളർന്നു. താമസിയാതെ വിഷാദത്തിൽ മുങ്ങിയ അയാൾക്ക് ഭാവിയൊന്നും കാണാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അയാളുടെ ചില കൂട്ടുകാർ വീണ്ടും വേട്ടയാടാൻ പ്രേരിപ്പിച്ചു. ചുറ്റുപാടുമുള്ള സൗന്ദര്യം ആസ്വദിച്ചപ്പോൾ തന്റെ വേദനകൾ അയാൾ മറന്നു. ഈ അനുഭവം അയാൾക്ക് ആന്തരിക സൗഖ്യം നൽകുകയും അവന്റെ ജീവിതത്തിന് ഒരു പുതിയ ലക്ഷ്യം നൽകുകയും ചെയ്തു – ഹണ്ട് 2 ഹീൽ എന്ന ലാഭേച്ഛയില്ലാത്ത സംഘടനയിലൂടെ തന്നെപ്പോലുള്ള മറ്റുള്ളവർക്ക് ഇതേ അനുഭവം നൽകുന്നതിന് അയാൾ ജീവിതം ഉഴിഞ്ഞുവച്ചു. തന്റെ അപകടം “പ്രച്ഛന്നവേഷത്തിലെത്തിയ ഒരു അനുഗ്രഹമായിരുന്നു. . . . ഇപ്പോൾ എനിക്ക് തിരികെ നൽകാൻ കഴിയും, അത് ഞാൻ എപ്പോഴും ചെയ്യാൻ ആഗ്രഹിച്ചു. ഞാൻ സന്തോഷത്തിലാണ്,” അയാൾ പറയുന്നു. കഠിനമായ ചലന വൈകല്യമുള്ളവർക്കും അവരെ പരിചരിക്കുന്നവർക്കും സൗഖ്യം കണ്ടെത്തുന്നതിന് ഒരു സ്ഥലം നൽകുന്നതിൽ അദ്ദേഹം ആവേശഭരിതനാണ്.
തകർന്നവർക്കു സൗഖ്യം നൽകുന്നവന്റെ വരവിനെക്കുറിച്ച് യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു (യെശ. 61). അവൻ “ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും” അറിയിക്കുകയും ചെയ്യും (വാ. 1-2). യേശു തന്റെ ജന്മനാട്ടിലെ സിനഗോഗിൽ ഈ തിരുവെഴുത്ത് വായിച്ചതിനുശേഷം പറഞ്ഞു, “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിനു നിവൃത്തി വന്നിരിക്കുന്നു” (ലൂക്കൊ. 4:21). യേശു വന്നത് നമ്മെ രക്ഷിക്കാനും നമ്മെ സുഖപ്പെടുത്താനുമാണ്.
നിങ്ങൾക്ക് ആന്തരിക സൗഖ്യം ആവശ്യമുണ്ടോ? യേശുവിലേക്ക് തിരിയുക, അവൻ നിങ്ങൾക്ക് “വിഷണ്ണമനസ്സിനു പകരം സ്തുതി എന്ന മേലാട” നൽകും (യെശയ്യാവ് 61:3).
യേശുവിന്റെ സൗഖ്യം നിങ്ങൾക്ക് ഏതെല്ലാം വിധത്തിൽ ആവശ്യമാണ്? അവനെക്കുറിച്ചും അവൻ നൽകുന്ന രക്ഷയെയും സമ്പൂർണ്ണതയെയും കുറിച്ചും നിങ്ങൾക്ക് ആരോട് പറയാൻ കഴിയും?
യേശുവേ, എനിക്കും മറ്റു പലർക്കും അങ്ങു തന്ന സൗഖ്യത്തിന് നന്ദി. ഒരു ദിവസം സ്വർഗ്ഗത്തിൽ ലഭിക്കുന്ന പൂർണ്ണമായ രോഗസൗഖ്യത്തിനായി ഞാൻ കാത്തിരിക്കുകയാണ്.