അത് യൂത്ത് ഗ്രൂപ്പിലെ ഒരു രസകരമായ ഗെയിം മാത്രമായിരുന്നു, പക്ഷേ അത് ഞങ്ങൾക്ക് ഒരു പാഠമായിരുന്നു: അയൽക്കാരെ മാറ്റുന്നതിനുപകരം, അവരെ സ്നേഹിക്കാൻ പഠിക്കുക. എല്ലാവരും ഒരു വലിയ വൃത്തമായി ഇരിക്കുകയും ഒരാളെ നടുവിൽ നിർത്തുകയും ചെയ്യുന്നു. നിൽക്കുന്ന ആൾ ഇരിക്കുന്ന ഒരാളോട് ചോദിക്കുന്നു, “നീ നിന്റെ അയൽക്കാരനെ സ്നേഹിക്കുന്നുണ്ടോ?” ഇരിക്കുന്ന വ്യക്തിക്ക് രണ്ട് തരത്തിൽ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയും: ഉവ്വ് അല്ലെങ്കിൽ ഇല്ല. തന്റെ അയൽക്കാരനെ മറ്റൊരാളുമായി കൈമാറ്റം ചെയ്യണോ എന്ന് അവൻ തീരുമാനിക്കണം.
യഥാർത്ഥ ജീവിതത്തിലും നമ്മുടെ “അയൽക്കാരെ” തിരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കുന്നില്ലേ? വിശേഷിച്ചും നമുക്ക് ഇണങ്ങിച്ചേരാൻ കഴിയാത്ത ഒരു സഹപ്രവർത്തകനോ അല്ലെങ്കിൽ ശരിയല്ലാത്ത സമയങ്ങളിൽ പുൽത്തകിടി വെട്ടാൻ ഇഷ്ടപ്പെടുന്ന ഒരു അയൽവാസിയോ ഉള്ളപ്പോൾ. എന്നിരുന്നാലും, പലപ്പോഴും, നമ്മെ ബുദ്ധിമുട്ടിക്കുന്ന അയൽക്കാരോടൊപ്പം ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ട്.
യിസ്രായേല്യർ വാഗ്ദത്ത ദേശത്ത് താമസം ആരംഭിച്ചപ്പോൾ, തങ്ങളുടെ അയല്ക്കാരോടൊപ്പം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള സുപ്രധാന നിർദ്ദേശങ്ങൾ ദൈവം അവർക്ക് നൽകി: കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം. ലേവ്യാപുസ്തകം 19:18, അതിൽ പരദൂഷണമോ കിംവദന്തികളോ പ്രചരിപ്പിക്കാതിരിക്കുക, നമ്മുടെ അയൽക്കാരെ മുതലെടുക്കാതിരിക്കുക, ആളുകൾക്ക് എതിരെ എന്തെങ്കിലും ഉണ്ടെങ്കിൽ അവരെ നേരിട്ട് അഭിമുഖീകരിക്കുക (വാ. 9-18) എന്നിവ അടങ്ങിയിരിക്കുന്നു. എല്ലാവരേയും സ്നേഹിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, യേശു നമ്മിൽ പ്രവർത്തിക്കുന്നതനുസരിച്ച് മറ്റുള്ളവരോട് സ്നേഹപൂർവ്വം പെരുമാറാൻ നമുക്കു കഴിയും. അവന്റെ ജനമെന്ന നിലയിൽ നാം നമ്മുടെ സ്വത്വത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ അതിനുള്ള ജ്ഞാനവും കഴിവും ദൈവം നൽകും.
നിങ്ങൾക്ക് ഇണങ്ങിച്ചേരാൻ പ്രയാസമുള്ള “അയൽക്കാർ” ആരാണ്? നിങ്ങൾക്ക് എങ്ങനെ അവരെ നന്നായി സ്നേഹിക്കാൻ കഴിയും?
പിതാവേ, എനിക്ക് ചുറ്റുമുള്ളവരോട് - ബുദ്ധിമുട്ടുള്ളവരോടു പോലും - അങ്ങയുടെ സ്നേഹം പ്രതിഫലിപ്പിക്കാൻ എന്നെ സഹായിക്കേണമേ.