നിങ്ങൾ അമേരിക്കയിൽ സമാധാനപരവും ശാന്തവുമായ ഒരു സ്ഥലമാണ് തിരയുന്നതെങ്കിൽ, മിനസോട്ടയിലെ മിനിയാപൊലീസിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു മുറിയുണ്ട്. ഇത് എല്ലാ ശബ്ദത്തിന്റെയും 99.99 ശതമാനം ആഗിരണം ചെയ്യുന്നു! ഓർഫീൽഡ് ലബോറട്ടറീസിന്റെ ലോകപ്രശസ്ത അനക്കോയിക് (എക്കോ-ഫ്രീ) ചേമ്പറിനെ “ഭൂമിയിലെ ഏറ്റവും ശാന്തമായ സ്ഥലം” എന്നു വിളിക്കുന്നു. ഈ ശബ്ദരഹിതമായ ഇടം അനുഭവിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ശബ്ദത്തിന്റെ അഭാവം മൂലം വഴിതെറ്റിപ്പോകാതിരിക്കാൻ ഇരിക്കേണ്ടതാണ്. മാത്രമല്ല ആർക്കും നാൽപ്പത്തിയഞ്ച് മിനിറ്റിൽ കൂടുതൽ മുറിയിൽ ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല.
നമ്മളിൽ വളരെക്കുറച്ചുപേർക്കു മാത്രമേ അത്രമാത്രം നിശബ്ദത ആവശ്യമുള്ളു എന്നിരുന്നാലും, ശബ്ദമാനമായതും തിരക്കേറിയതുമായ ലോകത്ത് അൽപ്പം നിശബ്ദതയ്ക്കായി നാം ചിലപ്പോൾ ആഗ്രഹിച്ചു പോകുന്നു. നമ്മൾ കാണുന്ന വാർത്തകളും സോഷ്യൽ മീഡിയയും പോലും നമ്മുടെ ശ്രദ്ധയ്ക്കായി മത്സരിക്കുന്ന ഒരുതരം ബഹളമയമായ “ശബ്ദം” കൊണ്ടുവരുന്നു. നിഷേധാത്മകവികാരങ്ങൾ ഉണർത്തുന്ന വാക്കുകളും ചിത്രങ്ങളുമാണ് അതിൽ അധികവും. അതിൽ മുഴുകിയാൽ ദൈവശബ്ദത്തെ അത് അനായാസം അടിച്ചമർത്തും.
ഏലീയാ പ്രവാചകൻ ഹോറേബ് പർവതത്തിൽ ദൈവത്തെ കാണാൻ പോയപ്പോൾ, ഉച്ചത്തിലുള്ള വിനാശകരമായ കാറ്റിലോ ഭൂകമ്പത്തിലോ തീയിലോ അവനെ കണ്ടില്ല (1 രാജാക്കന്മാർ 19:11-12). “ഒരു മൃദുസ്വരം” ഏലീയാവ് കേട്ടതിനുശേഷം “സൈന്യങ്ങളുടെ ദൈവമായ യഹോവയെ” (വാ. 12-14) കാണാൻ അവൻ തന്റെ മുഖം മൂടിക്കൊണ്ട് ഗുഹയ്ക്കു പുറത്തേക്ക് വന്നു.
നിങ്ങളുടെ ആത്മാവ് ശാന്തമായിരിക്കാൻ കൊതിച്ചേക്കാം, എന്നാൽ അതിലുപരിയായി – അത് ദൈവത്തിന്റെ ശബ്ദം കേൾക്കാൻ കൊതിക്കുന്നുണ്ടാകാം. നിങ്ങളുടെ ജീവിതത്തിൽ നിശബ്ദതയ്ക്കുള്ള ഇടം കണ്ടെത്തുക, അങ്ങനെ നിങ്ങൾക്ക് ഒരിക്കലും ദൈവത്തിന്റെ “മൃദുസ്വരം” (വാ. 12) നഷ്ടപ്പെടുകയില്ല.
ദൈവം തന്റെ മക്കളുമായി ആശയവിനിമയം നടത്തുന്ന ചില വഴികൾ ഏവ? അവനുമായി പതിവായി ആശയവിനിമയം നടത്തുന്നത് മർമ്മപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
സ്നേഹവാനായ പിതാവേ, ഇന്ന് അങ്ങയെ കാണാൻ തക്കവിധം എന്റെ ഹൃദയത്തെയും മനസ്സിനെയും നിശബ്ദമാക്കണമേ.