ഗ്രന്ഥകാരനും അമേരിക്കൻ പുതിയ നിയമ പണ്ഡിതനുമായ സ്‌കോട്ട് മക്‌നൈറ്റ് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ, “ആത്മാവിനാൽ കുതിർക്കപ്പെട്ട അനുഭവം” എന്ന് താൻ വിളിക്കുന്ന അനുഭവം ഉണ്ടായത് എങ്ങനെയെന്ന് പങ്കുവയ്ക്കുന്നു. ഒരു ക്യാമ്പിൽ ആയിരിക്കുമ്പോൾ, ആത്മാവിന് കീഴടങ്ങി ക്രിസ്തുവിനെ തന്റെ ജീവിതത്തിൽ സിംഹാസനസ്ഥനാക്കാൻ പ്രസംഗകൻ ആഹ്വാനം ചെയ്തു. പിന്നീട്, സ്‌കോട്ട് ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു: “പിതാവേ, എന്റെ പാപങ്ങൾ എന്നോട് ക്ഷമിക്കണമേ. പരിശുദ്ധാത്മാവേ, എന്റെ ഉള്ളിലേക്കു വന്ന് എന്നെ നിറയ്ക്കണമേ.” എന്തോ ശക്തമായ ഒന്നു സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. “ആ നിമിഷം മുതൽ എന്റെ ജീവിതം തികച്ചും വ്യത്യസ്തമായിത്തീർന്നു. പൂർണ്ണതയുള്ളതല്ല, വ്യത്യസ്തമായത്.” ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും യേശുവിലുള്ള മറ്റു വിശ്വാസികളെ കാണാനും ദൈവത്തെ സേവിക്കാനുമുള്ള ആഗ്രഹം പെട്ടെന്ന് ഉണ്ടായി.

ഉയിർത്തെഴുന്നേറ്റ യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ്, തന്റെ സ്‌നേഹിതരോടു പറഞ്ഞു: “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (പ്രവൃ. 1:4). അവർ “ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും” അവന്റെ സാക്ഷികൾ ആകും (വാ. 8). യേശുവിൽ വിശ്വസിക്കുന്ന എല്ലാവരിലും വസിക്കാൻ ദൈവം പരിശുദ്ധാത്മാവിനെ നൽകുന്നു. ഇത് ആദ്യം സംഭവിച്ചത് പെന്തെക്കൊസ്ത് ദിനത്തിലാണ് (പ്രവൃത്തികൾ 2 കാണുക); ഇന്ന് ഒരുവൻ ക്രിസ്തുവിൽ ആശ്രയിക്കുമ്പോഴെല്ലാം അത് സംഭവിക്കുന്നു.

യേശുവിൽ വിശ്വസിക്കുന്നവരെ ദൈവാത്മാവ് നിറച്ചുകൊണ്ടേയിരിക്കുന്നു. ആത്മാവിന്റെ സഹായത്തോടെ നാമും രൂപാന്തരപ്പെട്ട സ്വഭാവത്തിന്റെയും ആഗ്രഹങ്ങളുടെയും ഫലം പുറപ്പെടുവിക്കുന്നു (ഗലാത്യർ 5:22-23). നമ്മെ ആശ്വസിപ്പിക്കുന്നതിനും, നമ്മെ തെറ്റുകൾ ബോധ്യപ്പെടുത്തുന്നതിനും, നമ്മോടു ചേർന്നു സഹകരിക്കുന്നതിനും, സ്‌നേഹിച്ചതിനും ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യാം.