ബ്രിട്ടീഷ് പൗരന്മാർക്കു നൽകുന്ന വാർഷിക സർവീസ് അവാർഡ് ആയ മോണ്ടി മണി ഹോണറീയുടെ 2021 ലെ ജേതാവായി മാൽക്കം ക്ലൗട്ടിനെ തിരഞ്ഞെടുത്തു. എലിസബേത്ത് രാജ്ഞിയാണ് അവാർഡ് നൽകിയത്. അംഗീകാരം ലഭിക്കുമ്പോൾ നൂറു വയസ്സുള്ള ക്ലൗട്ട്, തന്റെ ജീവിതകാലത്ത് ആയിരം ബൈബിളുകൾ വിതരണം ചെയ്തതിനാണ് ആദരിക്കപ്പെട്ടത്. ബൈബിൾ ലഭിച്ച എല്ലാവരുടെയും റെക്കോർഡ് ക്ലൗട്ട് സൂക്ഷിച്ചിട്ടുണ്ട്, അവർക്കായി പതിവായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പുതിയ നിയമത്തിലെ പൗലൊസിന്റെ രചനകളിൽ ഉടനീളം നാം കാണുന്ന തരത്തിലുള്ള സ്‌നേഹത്തിന്റെ ശക്തമായ ഉദാഹരണമാണ് ക്ലൗട്ടിന്റെ പ്രാർത്ഥനയിലുള്ള വിശ്വസ്തത. തന്റെ കത്തുകളുടെ സ്വീകർത്താക്കൾക്ക് വേണ്ടി താൻ പതിവായി പ്രാർത്ഥിക്കുന്നുണ്ടെന്ന് പൗലൊസ് പലപ്പോഴും ഉറപ്പുനൽകിയിരുന്നു. തന്റെ സുഹൃത്തായ ഫിലേമൊന് അദ്ദേഹം എഴുതി, “എന്റെ പ്രാർത്ഥനയിൽ നിന്നെ ഔർത്ത് എപ്പോഴും എന്റെ ദൈവത്തിനു സ്‌തോത്രം ചെയ്യുന്നു” (ഫിലേമൊൻ 1:4). തിമൊഥെയൊസിന് എഴുതിയ കത്തിൽ പൗലൊസ് എഴുതി, ‘എന്റെ പ്രാർഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിക്കുന്നു’ (2 തിമൊഥെയൊസ് 1:3). റോമിലെ സഭയോട്, “ഇടവിടാതെ” “എപ്പോഴും” പ്രാർത്ഥനയിൽ താൻ അവരെ ഓർക്കുന്നുവെന്ന് പൗലൊസ് ഊന്നിപ്പറഞ്ഞു (റോമർ 1:9-10).

മാൽക്കമിനെപ്പോലെ പ്രാർത്ഥിക്കാൻ ആയിരം ആളുകളില്ലെങ്കിലും, നമുക്കറിയാവുന്നവർക്കുവേണ്ടിയുള്ള മനഃപൂർവമായ പ്രാർത്ഥന ശക്തിയുള്ളതാണ്, കാരണം ദൈവം നമ്മുടെ പ്രാർത്ഥനകളോട് പ്രതികരിക്കുന്നു. ഒരു പ്രത്യേക വ്യക്തിക്കു വേണ്ടി പ്രാർത്ഥിക്കാൻ അവന്റെ ആത്മാവിനാൽ പ്രേരിപ്പിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുമ്പോൾ, ഒരു ലളിതമായ പ്രാർത്ഥനാ കലണ്ടർ ഉപയോഗപ്രദമായ ഒരു ഉപകരണമാണെന്ന് ഞാൻ കണ്ടെത്തി. പ്രതിദിന അല്ലെങ്കിൽ പ്രതിവാര കലണ്ടറായി പേരുകൾ വിഭജിക്കുന്നത് പ്രാർത്ഥനയിൽ വിശ്വസ്തയായിരിക്കാൻ എന്നെ സഹായിക്കുന്നു. പ്രാർത്ഥനയിൽ മറ്റുള്ളവരെ ഓർക്കുന്നത് സ്‌നേഹത്തിന്റെ എത്ര മനോഹരമായ പ്രകടനമാണ്.